‘തുളസീദാസ് രാത്രി മുറിയിലേക്ക് വിളിപ്പിച്ചു; ആ സിനിമയിലെ നായകനടന്മാരെ അറിയിച്ചപ്പോൾ പരിഹാസം’
Mail This Article
കണ്ണൂർ ∙ സംവിധായകൻ തുളസീദാസിൽനിന്നു തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് നടി ഉഷ പറഞ്ഞു. പുരോഗമന കലാ സാഹിത്യസംഘം ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റായ ഉഷ, കണ്ണൂരിൽ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയായി എത്തിയതായിരുന്നു.
‘മലപ്പുറം ഹാജി മഹാനായ ജോജി എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഒരുദിവസം രാത്രി 11ന് എന്നോട് മുറിയിലേക്കു ചെല്ലാൻ പറഞ്ഞു. കഥാപാത്രത്തെക്കുറിച്ചു സംസാരിക്കാനാണെന്നു പറഞ്ഞു. നാളെ സംസാരിക്കാമെന്നു പറഞ്ഞു ഞാൻ പോയില്ല. ഇക്കാര്യം ചിത്രത്തിലെ നായകനടന്മാരായ മുകേഷിനോടും അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവച്ച ആളോടും പറഞ്ഞപ്പോൾ എന്നെ കളിയാക്കി. പിന്നീട് ആ ചിത്രത്തിൽ എന്റെ വേഷത്തിന്റെ പ്രാധാന്യം കുറച്ചു.
തുളസീദാസിന്റെ മറ്റൊരു ചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ മുറിയുടെ എതിർവശത്തുമുള്ള മുറി തന്നു. ഇദ്ദേഹത്തിന്റെ സ്വഭാവം അറിയുന്നതുകൊണ്ട് വേറെ മുറി വേണമെന്നു ഞാൻ വാശിപിടിച്ചു. അവർ തന്നില്ല. അഭിനയിക്കാതെ ഞാൻ ആലപ്പുഴയിലേക്കു മടങ്ങി. മറ്റൊരു സഹപ്രവർത്തകയ്ക്ക് എന്റെ മുന്നിൽവച്ചു തന്നെ ഇദ്ദേഹത്തിൽനിന്നു മോശം അനുഭവമുണ്ടായി.
രാത്രി അവരുടെ വാതിലിൽ ആരോ മുട്ടി. 10 മിനിറ്റിനു ശേഷം വീണ്ടും മുട്ടി. സഹപ്രവർത്തക പേടിച്ച് റിസപ്ഷനിൽ വിളിച്ചുപറഞ്ഞു. സെക്യൂരിറ്റി വന്നുനോക്കി. അന്നേരം സംവിധായകൻ വാതിൽ പകുതി തുറന്നുനോക്കുന്നു. ശബ്ദം കേട്ടെത്തിയവരൊക്കെ അദ്ദേഹത്തെ മുറിയുടെ പുറത്തേക്കു വിളിച്ചു കാര്യം പറഞ്ഞു. അടുത്തദിവസം സെറ്റിൽ ഞാനും സഹപ്രവർത്തകയും ചെന്നപ്പോൾ സംവിധായകൻ അവരെ വിളിപ്പിച്ചു. സെക്യൂരിറ്റി ഉണ്ടെങ്കിൽ മാത്രമേ ഹോട്ടലിൽ താമസിക്കുകയുള്ളോ എന്നു പരിഹാസത്തോടെ ചോദിച്ചു.
വാതിലിൽ ആരോ തട്ടിയ കാര്യം അവർ പറഞ്ഞപ്പോൾ ഞാനാണു തട്ടിയതെന്ന് അയാൾ പറഞ്ഞു. ആ പടം തീരുന്നതുവരെ ഈ സഹപ്രവർത്തകയോടു മോശം പെരുമാറ്റമായിരുന്നു’– ഉഷ പറഞ്ഞു.
നടിയുടെ അമ്മയോട് മുകേഷ് മോശമായി പെരുമാറി: സന്ധ്യ
കൊച്ചി ∙ മുകേഷിനെതിരെ ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യയും ആരോപണവുമായെത്തി. തന്റെ സുഹൃത്തിന്റെ അമ്മയോട് അവരുടെ വീട്ടിൽ വച്ച് മുകേഷ് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. സുഹൃത്തായ നടിയുടെ മേൽവിലാസം കണ്ടെത്തി മുകേഷ് അവരുടെ വീട്ടിലെത്തി. അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുകേഷ് അപമര്യാദയായി പെരുമാറിയപ്പോൾ അമ്മ പുറത്താക്കി. കുറെ വർഷങ്ങൾ മുൻപുള്ള സംഭവമാണെന്നും ആ നടി ഇപ്പോൾ സിനിമയിൽ ഇല്ലെന്നും സന്ധ്യ പറഞ്ഞു. സിനിമ ലഭിക്കണമെങ്കിൽ അഡ്ജസ്റ്റ്മെന്റിനു തയാറാകണമെന്ന് പ്രൊഡക്‌ഷൻ കൺട്രോളർ ആവശ്യപ്പെട്ടതായും സന്ധ്യ പറഞ്ഞു.
പ്രമുഖ നടൻ വാതിലിൽ മുട്ടി: ഡോ. ശിവാനി
ചൈന ടൗൺ എന്ന സിനിമയിൽ നിന്നു തന്നെ മാറ്റി നിർത്താൻ പ്രമുഖ നടൻ ശ്രമിച്ചെന്നും മോഹൻലാൽ ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് അതു തടഞ്ഞതെന്നും ജൂനിയർ ആർട്ടിസ്റ്റ് ഡോ.ശിവാനി ഭായി പറഞ്ഞു. മറ്റൊരു സിനിമയുടെ ഷൂട്ടിങ് സമയത്ത് രാത്രി ഈ പ്രമുഖ നടൻ വാതിലിൽ വന്നു മുട്ടി. ആളെ മനസ്സിലായപ്പോൾ നിർമാതാവിനോടും സംവിധായകനോടും പരാതി പറഞ്ഞു. ഇതിനെ തുടർന്നാണു നടൻ ഇടപെട്ട് തന്നെ അഭിനയിപ്പിക്കാതിരിക്കാൻ ശ്രമിച്ചതെന്നും ശിവാനി പറഞ്ഞു.