മുകേഷിനു വേണ്ടി സിപിഎം മിണ്ടില്ല; മുകേഷിന്റെ വിശദീകരണക്കുറിപ്പിലും പാർട്ടിക്ക് നീരസം
Mail This Article
തിരുവനന്തപുരം∙ ആരോപണങ്ങളിൽ പെട്ട നടൻ മുകേഷ് എംഎൽഎയെ സംരക്ഷിക്കാനോ ന്യായീകരിക്കാനോ സിപിഎം മുന്നിട്ടിറങ്ങില്ല. മുകേഷിന്റെ വിശദീകരണക്കുറിപ്പിൽ ഒരു സമുദായത്തെ പ്രത്യേകമായി പരാമർശിച്ചതും സിപിഎം നേതൃത്വത്തിനു രസിച്ചിട്ടില്ല. മിനു കുര്യൻ എന്ന തനിക്കു പരിചയമുണ്ടായിരുന്ന സ്ത്രീ വിവാഹശേഷം മിനു മുനീർ എന്നു പരിചയപ്പെടുത്തി വിളിച്ച് ബ്ലാക്മെയിലിങ്ങിനു ശ്രമിച്ചെന്നും ‘ഒരു പ്രത്യേക സമുദായത്തിലെ ആളുകളോട് ഈ വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടെന്നും’ മുകേഷ് വിശദീകരിച്ചിരുന്നു. സിപിഎം ടിക്കറ്റിൽ നിയമസഭാംഗമായ ആളുടെ പരസ്യമായ പ്രസ്താവനയിലാണു സമുദായത്തെ കൂടി വലിച്ചിഴച്ചത്.
-
Also Read
പി.കെ.ശശിക്കെതിരായ നടപടിക്ക് അംഗീകാരം
ചലച്ചിത്ര നയരൂപീകരണ സമിതിയിൽനിന്നു മാറിനിൽക്കേണ്ടി വരുമെന്ന സൂചന മുകേഷിനു പാർട്ടി നേതൃത്വം നൽകിയിട്ടുണ്ട്. സ്വമേധയാ അദ്ദേഹം ഒഴിയുന്ന പ്രതീതി സൃഷ്ടിക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നത്. സമിതി തന്നെ പുനഃസംഘടിപ്പിക്കാനും സാധ്യതയുണ്ട്. ചലച്ചിത്രമേഖലയിലെ ശുദ്ധീകരണം സർക്കാരിന്റെ കൂടി ശ്രമഫലമായിട്ടാണെന്ന് വരുത്താൻ സിപിഎം ശ്രമിക്കും. കോൺക്ലേവിന്റെ സംഘാടനത്തിലും അതനുസരിച്ചു മാറ്റങ്ങളുണ്ടാകും. ആരോപണ വിധേയരെ മാറ്റി നിർത്താനാണ് എല്ലാ സാധ്യതയും.
പോഷക സംഘടനകൾ എംഎൽഎ സ്ഥാനത്തു നിന്നുള്ള മുകേഷിന്റെ രാജി ആവശ്യപ്പെട്ട് തെരുവിൽ സമരം ചെയ്യുന്നതിനിടയിൽ അദ്ദേഹം രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്നു കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി പറഞ്ഞതിൽ ബിജെപി– സിപിഎം അന്തർധാര ആരോപിച്ച് യുഡിഎഫും രംഗത്തെത്തി.