പ്രത്യേക അന്വേഷണ സംഘത്തിന്റെ രൂപീകരണം പൊലീസ് ആക്ട് പ്രകാരമല്ല; കോടതിയിൽ ചോദ്യം ചെയ്യപ്പെടും
Mail This Article
തിരുവനന്തപുരം ∙ സിനിമയിലെ ലൈംഗികാതിക്രമങ്ങൾ അന്വേഷിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചെങ്കിലും ഇത്തരം സംഘത്തെ നിയോഗിക്കാനുള്ള നടപടിക്രമങ്ങൾ സർക്കാർ പാലിച്ചില്ല. ഏഴംഗ അന്വേഷണസംഘത്തെ നിയോഗിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഞായറാഴ്ച വാർത്തക്കുറിപ്പ് ഇറക്കിയതല്ലാതെ, സർക്കാർ ഉത്തരവ് ആഭ്യന്തര വകുപ്പ് ഇനിയും പുറത്തിറക്കിയിട്ടില്ല.
കേരള പൊലീസ് ആക്ട് 21(2) ബി വകുപ്പു പ്രകാരമാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുക. തുടർന്ന് ഉത്തരവിറക്കുമ്പോഴാണു പ്രത്യേക സംഘത്തിന്റേതായ അന്വേഷണ അധികാരങ്ങൾ ലഭിക്കുക. സോളർ കേസിലടക്കം ഈ രീതിയിലാണു അന്വേഷണസംഘം രൂപീകരിച്ചത്. അന്വേഷണസംഘം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വാർത്തക്കുറിപ്പിൽനിന്നു പിറവിയെടുത്തതായതിനാൽ, വിപുലമായ അന്വേഷണത്തിനുള്ള അധികാരങ്ങൾ കോടതിയിൽ ചോദ്യം ചെയ്യപ്പെടും. പൊലീസ് ആക്ട് പ്രകാരമല്ല സംഘം രൂപീകരിച്ചതെന്ന വാദമുയരും.
ഏതെങ്കിലും വ്യക്തിക്കെതിരെ പരാതി ലഭിച്ചാൽ അതുമാത്രം അന്വേഷിക്കാമെന്നല്ലാതെ, പൊതുവായ അന്വേഷണം, തിരച്ചിൽ, ചോദ്യംചെയ്യൽ എന്നിവ പ്രത്യേക സംഘത്തിനു സാധ്യമായേക്കില്ല. ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്യുന്ന കേസുകൾ ഏറ്റെടുക്കാമെങ്കിലും ലഭിക്കുന്ന വിവരങ്ങളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിൽ സ്വയം കേസെടുത്ത് അന്വേഷണം സാധിക്കില്ല. വെളിപ്പെടുത്തൽ നടത്തിയവരുടെ മൊഴിയെടുത്ത് കേസ് റജിസ്റ്റർ ചെയ്യാം; എന്നാൽ, പരാതിയില്ലെന്നു അവർ പറഞ്ഞാൽ അന്വേഷണം വഴിമുട്ടും.
സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തലുകൾ കുത്തൊഴുക്കായി വന്നപ്പോൾ അന്വേഷണത്തോടു മുഖംതിരിച്ച സർക്കാർ, വൻസമ്മർദം ഉണ്ടായപ്പോഴാണു പ്രത്യേക സംഘം രൂപീകരിച്ചത്. എന്നാൽ, തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ ജസ്റ്റിസ് ഹേമ കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് സംഘത്തിന്റെ അന്വേഷണപരിധിയിൽപെടുത്തിയിട്ടില്ല. ആധികാരിക വിവരങ്ങളുള്ള റിപ്പോർട്ട് അന്വേഷണത്തിൽനിന്ന് ഒഴിവാക്കി സംഘത്തിന്റെ അധികാരം വെട്ടിക്കുറച്ചതിനു പിന്നാലെയാണ് സമഗ്ര അന്വേഷണത്തിനുള്ള വാതിലുകളും കൊട്ടിയടച്ചത്.