പാർട്ടി സമ്മേളനങ്ങൾക്കു മുന്നോടിയായി വോട്ടർമാരുടെ വിവരം തേടി സിപിഎം
Mail This Article
കൊല്ലം ∙ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഓരോ മേഖലയിലെയും വോട്ടർമാരെ കേന്ദ്രീകരിച്ചു വിവര ശേഖരണം നടത്താൻ സിപിഎം. അടുത്ത മാസം ആദ്യം തുടങ്ങുന്ന പാർട്ടി സമ്മേളനങ്ങൾക്കു മുന്നോടിയായി ഇതു നടത്തണമെന്നു സംസ്ഥാന നേതൃത്വം നിർദേശം നൽകി. ഇതുൾപ്പെടെ പാർട്ടി സമ്മേളനങ്ങൾക്കായി വിശദ മാർഗരേഖ കീഴ്ഘടകങ്ങൾക്ക് അയച്ചു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഓരോ ബ്രാഞ്ച് പരിധിയിൽ നിന്നും പാർട്ടി പ്രതീക്ഷിച്ച വോട്ടുകൾ എത്രയായിരുന്നുവെന്നും കിട്ടിയത് എത്രയാണെന്നുമുള്ള കണക്കുകൾ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന റിപ്പോർട്ടിന്റെ ഭാഗമാക്കി ചർച്ച ചെയ്യണമെന്നാണ് നിർദേശം. പാർട്ടിക്കു കിട്ടുമെന്നു കരുതിയ വോട്ടുകൾ കിട്ടാതെ പോയിട്ടുണ്ടോയെന്നും പരിശോധിക്കണം. കഴിഞ്ഞ പാർട്ടി സമ്മേളനം മുതൽ ഇതുവരെ നടന്ന തദ്ദേശ– നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളും വിലയിരുത്തണം. രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തുന്നുണ്ടോയെന്ന പരിശോധന വേണമെന്നും നിർദേശമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം മുന്നിൽ നിൽക്കെ, പാർട്ടിയുടെ ബ്രാഞ്ച്, ലോക്കൽ, ഏരിയ കമ്മിറ്റി അടിസ്ഥാനത്തിൽ വിവിധ വിഭാഗം വോട്ടർമാരെക്കുറിച്ചു വിവരശേഖരണം നടത്തണം. ഓരോ പ്രദേശത്തെയും ജനസംഖ്യ, വീടുകളുടെ എണ്ണം, വിമുക്ത ഭടന്മാർ– പെൻഷൻകാർ– സർക്കാർ –ബാങ്ക് ജീവനക്കാർ– വ്യാപാരി, വ്യവസായികൾ, അധ്യാപകർ, വിദ്യാർഥികൾ, പട്ടികജാതി– വർഗ വിഭാഗങ്ങൾ, മതന്യൂനപക്ഷങ്ങൾ തുടങ്ങിയവരുടെ എണ്ണവും ശേഖരിച്ചു സമ്മേളനത്തിൽ അവതരിപ്പിക്കണമെന്നും മാർഗരേഖ പറയുന്നു.
വിഭാഗീയത: കർശന മുന്നറിയിപ്പ്
സമ്മേളനങ്ങളിൽ വിഭാഗീയ നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന നേതൃത്വം. വിഭാഗീയമായും വ്യക്തി കേന്ദ്രീകൃതമായ പ്രവർത്തനങ്ങൾ ഉണ്ടായാൽ കർശന നടപടിയുണ്ടാകുമെന്നു മാർഗരേഖ മുന്നറിയിപ്പു നൽകുന്നു. വ്യക്തി വിരോധം തീർക്കാനുള്ള വേദിയായി സമ്മേളനം ഉപയോഗപ്പെടുത്തരുത്. തെറ്റുതിരുത്തൽ രേഖയുടെ അടിസ്ഥാനത്തിലുള്ള നടപടികൾ കർശനമായി വിലയിരുത്തണം. കമ്യൂണിസ്റ്റ് മൂല്യത്തിൽ നിന്നു വ്യതിയാനങ്ങളുണ്ടായ പാർട്ടി അംഗങ്ങളുടെ വിവരം, അംഗങ്ങളുടെ ജീവിതശൈലി, അഴിമതി, റിയൽ എസ്റ്റേറ്റ്– ബ്ലേഡ് മാഫിയ ബന്ധം, മദ്യപാനശീലം എന്നിവയെക്കുറിച്ചും പരിശോധന വേണം.
ജില്ലാ സമ്മേളനങ്ങളുടെ സമയ ക്രമം
കൊല്ലം, പാലക്കാട് – ഡിസംബർ 14,15,16
തിരുവനന്തപുരം, വയനാട്– ഡിസംബർ 21,22,23
പത്തനംതിട്ട, മലപ്പുറം– ഡിസംബർ 28,29,30
തൃശൂർ, കോട്ടയം– ജനുവരി 4,5,6
കണ്ണൂർ, ആലപ്പുഴ– ജനുവരി 18,19,20
എറണാകുളം, കോഴിക്കോട്– ജനുവരി 25,26,27
ഇടുക്കി, കാസർകോട്– ഫെബ്രുവരി 1,2,3
തുടർന്ന് രണ്ടാം വാരം സംസ്ഥാന സമ്മേളനം കൊല്ലത്ത്