സമിതികൾ പലത്; സ്ഥിരാംഗമായി ഒരാൾ
Mail This Article
തിരുവനന്തപുരം∙ പൊതു വിദ്യാഭ്യാസ സംരക്ഷണം ലക്ഷ്യമിട്ട് 2016 മുതൽ സർക്കാർ നിയമിക്കുന്ന വിദഗ്ധ സമിതികളിലെല്ലാം സ്ഥിരമായി ഒരാൾ തന്നെ അംഗമായതിനെ ചൊല്ലി വിവാദം. റിട്ട.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും ഇടതുപക്ഷ സഹയാത്രികനുമായ ഡോ.സി.രാമകൃഷ്ണനാണ് വിവിധ കമ്മിറ്റികളിൽ നിയമിക്കപ്പെട്ടത്. 2017 മുതൽ ഇദ്ദേഹം പ്രതിഫലമായി 42 ലക്ഷം രൂപ കൈപ്പറ്റി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, വിദ്യാകിരണം, ഖാദർ കമ്മിറ്റി, പാഠ്യപദ്ധതി പരിഷ്കരണ കമ്മിറ്റി, കെഇആർ പരിഷ്കരണ കമ്മിറ്റി തുടങ്ങിയവയിലാണ് ഇദ്ദേഹം അംഗമായിരുന്നത്. വിവിധ കമ്മിറ്റികളിൽ ഒരാളെ തന്നെ സർക്കാർ നിയമിക്കുന്നത് ശരിയല്ലെന്നാണ് അധ്യാപക സംഘടനകളുടെ വാദം. ഇപ്പോൾ കരിക്കുലം സ്റ്റീയറിങ് കമ്മിറ്റിയിലും പാഠപുസ്തക നിർമാണ കമ്മിറ്റിയിലും അംഗമാണ് രാമകൃഷ്ണൻ.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ രാമകൃഷ്ണനു 2017 മുതൽ 2021 വരെ ശമ്പളമായി 24 ലക്ഷം രൂപയും യാത്രാബത്തയായി 1,15,986 രൂപയും നൽകി. വിദ്യാകിരണം പദ്ധതിയുടെ അസിസ്റ്റന്റ് കോഓർഡിനേറ്ററായും അദ്ദേഹം പ്രവർത്തിച്ചു. ശമ്പള ഇനത്തിൽ 12,42,000 രൂപയും യാത്രാബത്തയായി 38,180 രൂപയും അനുവദിച്ചു. ആ സമയത്തു തന്നെ അദ്ദേഹത്തെ സ്കൂൾ ഏകീകരണ കോർ കമ്മിറ്റി അംഗമായും നിയമിച്ചു. ഇതിന്റെ സിറ്റിങ് ഫീസായി 1,96,000 രൂപയും യാത്രാബത്തയായി 61,476 രൂപയും സിറ്റിങ്ങുകളിൽ പങ്കെടുത്തതിനു 9,431 രൂപയും അനുവദിച്ചു.
ഖാദർ കമ്മിറ്റി അംഗമായ സി.രാമകൃഷ്ണൻ 76 സിറ്റിങ്ങിനു 1,52,000 രൂപയും യാത്രാബത്തയിനത്തിൽ 16,838 രൂപയും കൈപ്പറ്റി. ഇദ്ദേഹത്തെയും മറ്റൊരു ഖാദർ കമ്മിറ്റി അംഗമായ ജ്യോതി ചൂഡനെയും റിപ്പോർട്ടിൻമേലുള്ള തുടർ നടപടികൾക്കായി കെഇആർ പരിഷ്കരണത്തിനും നിയോഗിച്ചു. കോർ കമ്മിറ്റി അംഗങ്ങൾക്ക് സിറ്റിങ് ഒന്നിന് പ്രതിദിനം 2000 രൂപയും യാത്രാബത്തയും നൽകിയിരുന്നു. ഈ ഇനത്തിൽ രാമകൃഷ്ണനു 70,907 രൂപ യാത്രാബത്തയായും 1,96,000 രൂപ സിറ്റിങ് ഫീസായും നൽകി. ജ്യോതി ചൂഡനു 1,40,000 രൂപ സിറ്റിങ് ഫീസ് ഇനത്തിലും നൽകിയിട്ടുണ്ട്. എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു രാമകൃഷ്ണൻ.
‘ കണക്കുകൾ സുതാര്യം’
അതേസമയം, സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നടന്ന നിയമനങ്ങളാണിവയെന്നും ഈ കണക്കുകൾ സുതാര്യവും ആർക്കും പരിശോധിക്കാവുന്നതുമാണെന്നും ഡോ.സി.രാമകൃഷ്ണൻ പറഞ്ഞു.
പല കമ്മിറ്റികളിലും വിരമിച്ച അധ്യാപകരെ നിയമിക്കുന്നതിനു പകരം ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ അധ്യാപകരെ നിയമിച്ചാൽ വൻ സാമ്പത്തിക ലാഭം സർക്കാരിന് ഉണ്ടാകുമായിരുന്നുവെന്ന് എഎച്ച്എസ്ടിഎ ജന.സെക്രട്ടറി എസ്.മനോജ് പറഞ്ഞു.