പണം തട്ടിപ്പ്: സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കും ഭാര്യയ്ക്കുമെതിരെ കൂടുതൽ പരാതികൾ
Mail This Article
കുട്ടനാട് ∙ തൊഴിൽ നൽകാമെന്നു പറഞ്ഞു പണം തട്ടിയ സംഭവത്തിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കും ഭാര്യയ്ക്കും എതിരെ കൂടുതൽ പരാതികൾ. കാവാലം പഞ്ചായത്ത് വടക്കൻ വെളിയനാട് സിപിഎം മിഡിൽ ബ്രാഞ്ച് മുൻ സെക്രട്ടറി ഷജിത്ത് ഷാജി, ഭാര്യ ശാന്തിനി എന്നിവർക്കെതിരെ ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലാണു തട്ടിപ്പിനിരയായ 2 പേർ പരാതി നൽകിയത്. കാവാലം കുന്നുമ്മ സ്വദേശികളായ 2 പേർ കഴിഞ്ഞ ദിവസം കൈനടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുകയാണ്.
ഷജിത്തിനെ കാണാനില്ലെന്നു കാട്ടി ഭാര്യ ശാന്തിനി നെടുമുടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ ശാന്തിനിക്കെതിരെയും പരാതി ഉയർന്നതോടെ ഇവരും ഒളിവിലാണ്. ഇരുവരും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായാണു സൂചന.
തിരുവല്ല പുളിക്കീഴിലെ വിദേശമദ്യ നിർമാണ ശാലയിൽ ജോലി വാഗ്ദാനം ചെയ്താണു തട്ടിപ്പു നടത്തിയത്. കുന്നുമ്മ സ്വദേശികളിൽ നിന്നു 4.25 ലക്ഷം രൂപ തട്ടിയെടുത്തതായാണു പരാതി. ചങ്ങനാശേരിയിൽ പരാതി നൽകിയവർ 4 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണു പറയുന്നത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലയിലെ ഒട്ടേറെപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണു സൂചന. പരാതികൾ ഉയർന്നതിനെ തുടർന്ന് അന്വേഷണം നടത്തി ഷജിത്തിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതാണെന്നു സിപിഎം നേതൃത്വം അറിയിച്ചിരുന്നു.