സുരക്ഷയില്ലാത്ത രാത്രി ജോലി: ഡോക്ടർമാർക്ക് ആശങ്ക
Mail This Article
കൊച്ചി ∙ രാത്രികാലങ്ങളിൽ ആശുപത്രികളിൽ ജോലി ചെയ്യുമ്പോൾ സുരക്ഷയിൽ ഉറപ്പില്ലെന്നു ഡോക്ടർമാർ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കേരള ഘടകം നടത്തിയ സർവേയിൽ ആശുപത്രിയിലെ രാത്രി സുരക്ഷയിൽ 82% പേരും ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സ്വകാര്യ, സർക്കാർ മേഖലയിലെ ഡോക്ടർമാരെ സംഘടിപ്പിച്ച് ഐഎംഎ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.
ആശുപത്രികളിലെ രാത്രി ജോലിയിലെ സുരക്ഷയുടെ കാര്യത്തിൽ ഉറപ്പില്ലെന്ന് 46.5% ഡോക്ടർമാർ പ്രതികരിച്ചു. ജോലി സുരക്ഷിതമല്ലെന്നു തോന്നിയിട്ടുണ്ടെന്നു 24.1% പേരും ഒട്ടും സുരക്ഷിതമല്ലെന്നു 11.4% പേരും പറയുന്നു. രാത്രി ജോലി സുരക്ഷിതമാണെന്നു കരുതുന്നത് 18% പേർ മാത്രമാണ്. 55.2 ശതമാനത്തിന് ഡ്യൂട്ടി റൂം ലഭിക്കുമ്പോൾ 44.8 ശതമാനത്തിന് ഈ സൗകര്യം ലഭിക്കുന്നില്ലെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. ഡ്യൂട്ടി റൂമിനോടു ചേർന്നു ശുചിമുറി സൗകര്യമുള്ളതായി 67.55% പേർ സാക്ഷ്യപ്പെടുത്തുമ്പോൾ 31.42% പേർ ഈ സൗകര്യമില്ലെന്നും പറയുന്നു.
വാർഡ്, കാഷ്വൽറ്റി എന്നിവിടങ്ങളിൽ നിന്ന് ഏറെ അകലെയാണു ഡ്യൂട്ടി റൂം എന്നു സർവേയിൽ പങ്കെടുത്ത 53% പേർ വ്യക്തമാക്കി. സർവേയിൽ പങ്കെടുത്തവരിൽ 63.3% പേർ സ്ത്രീകളും 36.7% പുരുഷൻമാരുമാണ്. 20–35 വയസ്സിനിടയിൽ പ്രായമുള്ളവരാണ് ഭൂരിഭാഗവും. രാജ്യവ്യാപകമായി നടന്ന സർവേയിൽ കേരളത്തിൽ നിന്ന് 27.75% പേരാണു പങ്കെടുത്തത്. ഐഎംഎ റിസർച് സെൽ ചെയർമാൻ ഡോ. രാജീവ് ജയദേവന്റെ നേതൃത്വത്തിൽ ഡോ. ദീപ അഗസ്റ്റിൻ, ഡോ. ടി.എസ്. അനിതാദേവി, ഡോ. രശ്മി രാമചന്ദ്രൻ, ഡോ. ജോസഫ് ബെനവൻ എന്നിവരടങ്ങിയ സംഘമാണു പഠനം നടത്തിയത്.