സിനിമാ സെറ്റിൽ സമിതി ഇല്ലെങ്കിൽ 50,000 രൂപ പിഴ
Mail This Article
തിരുവനന്തപുരം∙ സിനിമാരംഗത്ത് ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) രൂപീകരിക്കാത്തവർക്കു ശിക്ഷ ഉറപ്പാക്കാൻ അടിയന്തരമായി ചട്ടമുണ്ടാക്കുന്നതു സർക്കാർ പരിഗണനയിൽ. സമിതി രൂപീകരിച്ചില്ലെങ്കിൽ 50,000 രൂപ പിഴ ഈടാക്കും. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമത്തിൽ (പോഷ് ആക്ട്–2013) ശിക്ഷ ഉറപ്പാക്കിയിട്ടുണ്ട്. നിയമം കേന്ദ്രത്തിന്റേതാണെങ്കിലും ചട്ടം രൂപീകരിക്കേണ്ടതു സംസ്ഥാനമാണ്.
ഇതു സംബന്ധിച്ചു സംസ്ഥാന വനിതാ കമ്മിഷനും ഹേമ കമ്മിറ്റിക്കും മുൻപാകെ സിനിമാരംഗത്തെ വനിതകൾ അടക്കം നൽകിയ നിർദേശങ്ങളും പരിഗണിക്കും. സിനിമാ സെറ്റുകളിൽ മാത്രമല്ല, 10 പേരിൽ കൂടുതൽ ജോലി ചെയ്യുന്ന എല്ലാ തൊഴിലിടങ്ങളിലും നിയമം ബാധകമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ചലച്ചിത്ര രംഗത്തു നിയമ പ്രകാരമുള്ള ഐസിസി രൂപീകരിക്കുമെന്നു വനിതാ കമ്മിഷനു ചലച്ചിത്ര മേഖലയിലെ വിവിധ സംഘടനകൾ ഉറപ്പു നൽകിയിരുന്നു. ഐസിസി രൂപീകരിച്ചു എന്ന് ഉറപ്പുവരുത്തി മാത്രമേ റജിസ്‌ട്രേഷൻ നൽകൂവെന്ന് 2022ൽ സംഘടനാ ഭാരവാഹികൾ പറഞ്ഞിരുന്നു. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, കേരള ഫിലിം ചേംബർ, അമ്മ, ഫെഫ്ക, മാക്ട എന്നിവയുടെ പ്രതിനിധികളുമായുള്ള ചർച്ചയിലാണു സംഘടനകൾ ഉറപ്പു നൽകിയത്.
ചില നിർമാതാക്കൾ സ്വന്തം നിലയിൽ അവരുടെ സെറ്റിൽ സമിതി രൂപീകരിച്ചതല്ലാതെ തുടർ നടപടിയുണ്ടായില്ല. നിർമാണക്കമ്പനികൾ സമിതി രൂപീകരിച്ചാലും കാര്യക്ഷമമായ പ്രവർത്തനത്തിനു മേൽനോട്ട സമിതി ആവശ്യമാണ്.
നിയമത്തിലെ മറ്റു വ്യവസ്ഥകൾ
∙ 10 പേരിൽ കൂടുതൽ ജോലി ചെയ്യുന്ന സ്ഥലത്തു മുതിർന്ന വനിതയെ സമിതി അധ്യക്ഷയാക്കണം. സമിതിയിലെ ആകെ അംഗങ്ങളിൽ പകുതി വനിതകളായിരിക്കണം.
∙ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു വനിത (കഴിയുന്നതും അഭിഭാഷക) അംഗമായിരിക്കണം.
∙ പത്തിൽ താഴെ പേർ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ ലൈംഗിക പീഡന പരാതികൾക്കായി ജില്ലാ കലക്ടറുടെ കീഴിലെ ഐസിസിയെ സമീപിക്കാം.