ADVERTISEMENT

കുമരകം ∙ അമ്മയോടൊപ്പം സ്കൂളിലേക്കു പോകുന്നതിനിടെ, അഞ്ചുവയസ്സുള്ള കുട്ടി നടപ്പാലത്തിൽനിന്നു തോട്ടിൽ വീണു. മകനെ രക്ഷിക്കാൻ നീന്തൽ അറിയില്ലാത്ത അമ്മയും കൂടെച്ചാടി. ഇരുവരെയും സമീപത്തെ വീട്ടിലുണ്ടായിരുന്നയാൾ രക്ഷപ്പെടുത്തി. കരീമഠം ഒളോക്കരിച്ചിറ പി.എം.മോനേഷിന്റയും സൽമയുടെ മകൻ യുകെജി വിദ്യാർഥി ദേവതീർഥ് ആണ് ഇന്നലെ രാവിലെ 9.45ന് ആഴമേറിയ തോട്ടിൽ വീണത്. കരീമഠം ഗവ. വെൽഫെയർ യുപി സ്കൂളിലാണു ദേവതീർഥ് പഠിക്കുന്നത്. കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം മേൽശാന്തിയാണു പിതാവ് മോനേഷ്.

സ്കൂളിനടുത്തുള്ള പാലത്തിൽ നിന്ന് ദേവതീർഥ് തെന്നി തോട്ടിലേക്കു വീണു. ഇരുമ്പുതകിട് കൊണ്ടുള്ള പാലമാണ്. തകിടിൽ മഴവെള്ളം വീണുകിടന്നിരുന്നതിൽ തെന്നി വീഴുകയായിരുന്നു. മഴക്കോട്ട് ഉണ്ടായിരുന്നതിനാൽ വെള്ളത്തിനു മീതെ പൊങ്ങിക്കിടന്നെങ്കിലും ദേവതീർഥ് ഒഴുക്കിൽപെട്ടു. മകൻ ഒഴുക്കിൽപെട്ടതു കണ്ട അമ്മ സൽമയും തോട്ടിലേക്കു ചാടി. രണ്ടുപേർക്കും തോട്ടിലെ തെങ്ങിൻതടിയിൽ പിടിത്തം കിട്ടി.

കരയിലുണ്ടായിരുന്നവരുടെ ബഹളംകേട്ട്, സമീപത്തെ വീട്ടിൽ താമസിക്കുന്ന കെഎസ്ആർടിസി ഡ്രൈവർ ബിനു ഓടിയെത്തി ഇരുവരെയും രക്ഷപ്പെടുത്തി. വേഴപ്പറമ്പ്– ഒളോക്കരി പ്രദേശത്തെ ബന്ധിപ്പിക്കുന്ന നടപ്പാലമാണിത്. മോനേഷിന്റെ ഇളയമകനാണ് ദേവതീർഥ്. മൂത്തമകൻ 7 വയസ്സുകാരൻ ദേവപ്രയാഗ്.

അപകടം വീണ്ടും; അനങ്ങാതെ അധികാരികൾ

കഴിഞ്ഞ മാർച്ചിൽ യുകെജി വിദ്യാർഥിയായ ആയുഷ് ജിനീഷും ഇതേ പാലത്തിൽ നിന്നു തോട്ടിൽ വീണിരുന്നു. പാലത്തിന്റെ പലകകൾ തകർന്നു കിടക്കുകയായിരുന്നു. പലകകൾക്കിടയിലെ വിടവിലൂടെ വെള്ളത്തിൽ വീണ കുട്ടിയെ സ്കൂളിൽ ജോലിക്കു വന്നവരാണ് അന്നു രക്ഷപ്പെടുത്തിയത്. ആയുഷും അമ്മയോടൊപ്പം സ്കൂളിലേക്കു പോകുമ്പോഴാണ് അപകടത്തിൽപെട്ടത്.

English Summary:

KSRTC driver rescued mother and five year old child from river

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com