സ്കൂളിലെ ഗേറ്റ് തകർത്ത് കാട്ടാനകളുടെ അഴിഞ്ഞാട്ടം; സംഘത്തിൽ 3 ആനകള്, കുട്ടിയാനയും
Mail This Article
മറയൂർ ∙ കാന്തല്ലൂരിലെ സ്കൂളിൽ ഗേറ്റ് തകർത്തു കയറി കാട്ടാനകളുടെ അഴിഞ്ഞാട്ടം. പെരുമലയിലെ സേക്രഡ് ഹാർട്ട് ഹൈസ്കൂൾ ഗേറ്റ് തകർത്താണു ഗ്രൗണ്ടിൽ കയറി കൊമ്പു കോർത്തു കലിതുള്ളിയത്. ബുധനാഴ്ച അർധരാത്രിയാണു സംഭവം. പ്രദേശത്തെ കൃഷിയിടത്തിൽ നിൽക്കുന്ന ആന രാത്രിയോടെ ജനവാസമേഖലയിൽ എത്തുന്നത് പ്രദേശത്തുള്ളവരെ ഭീതിയിലാഴ്ത്തുന്നു.
ഒരു കുട്ടിയാന ഉൾപ്പെടെ 3 കാട്ടാനകളാണുണ്ടായിരുന്നത്. സ്കൂളിൽ നിന്നിറങ്ങി പെരുമല–കാന്തല്ലൂർ റോഡിൽ നടക്കുകയായിരുന്നു. കണ്ണൻ, രാജൻ എന്നിവരുടെ വീട്ടുമുറ്റത്ത് എത്തിയപ്പോൾ പടക്കം പൊട്ടിച്ചതോടെയാണ് ആനകൾ തിരിച്ചു പോയത്. കാട്ടാനകൾ പ്രദേശത്തു തമ്പടിക്കുന്നതു സ്ഥിരം ആണെങ്കിലും സ്കൂളിന്റെ ഗേറ്റ് പൊളിച്ചതോടെ നാട്ടുകാർ ഭീതിയിലായി.
സ്ഥലം സന്ദർശിച്ച വനംവകുപ്പ് അധികൃതർ അക്ഷയയിലെത്തി നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നൽകാൻ പറഞ്ഞു സ്ഥലം കാലിയാക്കിയെന്നു നാട്ടുകാർ പറഞ്ഞു.
ഷാഡിയുടെ രക്ഷാപ്രവർത്തനം
കാന്തല്ലൂർ പെരുമല റോഡിൽ സ്കൂളിനടുത്ത് താമസിക്കുന്ന കണ്ണൻ വളർത്തുന്ന നായ ഷാഡി കഴിഞ്ഞദിവസം പതിവിലും രോഷത്തോടെ കുരച്ചു. കാട്ടാനകളെത്തിയപ്പോൾ നാട്ടുകാരെ ഉണർത്താനായിരുന്നു കുര. ഇതു കേട്ടാണ് ഉടമ കണ്ണൻ പുറത്തേക്ക് ഇറങ്ങി നോക്കിയത്. ഉടൻതന്നെ പടക്കങ്ങൾ പൊട്ടിച്ചു കാട്ടാനയെ ഓടിച്ചു. കണ്ണന്റെ വീടിനെ കാട്ടാനയാക്രമണത്തിൽ നിന്നു മുൻപും ഷാഡി രക്ഷപ്പെടുത്തിയിട്ടുണ്ട്. നായയുടെ രക്ഷാപ്രവർത്തനം തുടരുന്നു.
പ്രതിഷേധിച്ച് കിസാൻ സഭ
മറയൂർ∙ മറയൂർ–കാന്തല്ലൂർ മേഖലയിൽ കാട്ടാന ശല്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കിസാൻ സഭ ദേവികുളം ബ്ലോക് പയസ്നഗർ ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു. വന്യമൃഗ ശല്യം കൊണ്ടു ബുദ്ധിമുട്ടി ജീവിക്കുമ്പോൾ ഇതിന് അറുതി വരുത്താൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും മാത്യു ആരോപിച്ചു. കോവിൽകടവ് സിപിഐ ലോക്കൽ സെക്രട്ടറി കെ.എസ്.എം.ജോർജ്, സിപിഐ ജില്ലാ കമ്മിറ്റി അംഗം പി.എസ്.ശശികുമാർ പഞ്ചായത്ത് അംഗം ബിജു, മറ്റു സിപിഐ അംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.