ഒരു ബിഡ് മാത്രമാണെങ്കിലും കരാറിൽ ഏർപ്പെടാം: ദേശീയപാത അതോറിറ്റി
Mail This Article
തിരുവനന്തപുരം∙ ആദ്യം ക്ഷണിച്ച ടെൻഡറിൽ ഒരു ബിഡ് മാത്രമേ ലഭിച്ചുള്ളൂ എന്ന കാരണത്താൽ റീ ടെൻഡർ നടപടികളിലേക്കു പോകേണ്ടെന്നു ദേശീയപാത അതോറിറ്റി. ആവർത്തിച്ച് ടെൻഡർ ചെയ്യുന്നത് പദ്ധതി പൂർത്തീകരണത്തിന് അനാവശ്യ കാലതാമസവും സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നുവെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നിർദേശം. കേന്ദ്ര ധനമന്ത്രാലയം ഇതു സംബന്ധിച്ച് മൂന്നു വർഷം മുൻപ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർക്കുലർ.
ടെൻഡറിനു വേണ്ടി തൃപ്തികരമായി പരസ്യം നൽകുകയും ബിഡ് സമർപ്പിക്കാൻ ആവശ്യമായ സമയം നൽകുകയും ചെയ്തു, യോഗ്യതാ മാനദണ്ഡങ്ങൾ അനാവശ്യമായി നിയന്ത്രിച്ചിരുന്നില്ല, വിപണി മൂല്യവുമായി താരതമ്യപ്പെടുത്തുമ്പോൾ ന്യായമായ വിലയാണ് ബിഡിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്നീ കാര്യങ്ങൾ ഉറപ്പാക്കിയാൽ ഒരു ബിഡ് മാത്രമേ ഉള്ളൂവെങ്കിലും കരാറിൽ ഏർപ്പെടാമെന്നാണു നിർദേശം.
ഈ മാർഗനിർദേശങ്ങൾ പാലിച്ചിട്ടുണ്ടെന്ന് മിനിറ്റ്സിൽ രേഖപ്പെടുത്തിയ ശേഷമേ ഒറ്റ ബിഡ് മാത്രം ലഭിക്കുന്ന സാഹചര്യത്തിൽ ബിഡ് പരിശോധനാ കമ്മിറ്റി തീരുമാനമെടുക്കാൻ പാടുള്ളൂ. മുൻപ് മറ്റെവിടെയെങ്കിലും അംഗീകരിച്ചിട്ടുള്ള സമാനമായ കരാറുകളുടെ നിരക്കുകളുമായി താരതമ്യം ചെയ്ത് ബിഡിലെ നിരക്ക് ന്യായമാണോയെന്നു കമ്മിറ്റിക്കു പരിശോധിക്കാം. സമാനമായ കരാറുകളിലെ വാങ്ങൽ വിലയെ കാലപ്പഴക്കമനുസരിച്ച് പണപ്പെരുപ്പ ത്തോത്, പദ്ധതി നടപ്പാക്കുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകൾ തുടങ്ങിയവ കണക്കാക്കി പരിഷ്കരിക്കാം.
ടെൻഡർ ക്ഷണിക്കുമ്പോൾ ഒരു സ്ഥാപനം മാത്രമേ ബിഡ് സമർപ്പിച്ചിട്ടുള്ളൂ എങ്കിൽ മത്സരസ്വഭാവം ഇല്ലെന്ന കാരണത്താൽ തള്ളുന്നതായിരുന്നു പതിവ്. റീ ടെൻഡർ നടപടികളുടെ ചെലവ്, പദ്ധതി പൂർത്തീകരണത്തിലെ കാലതാമസം, റീ ബിഡിൽ ആദ്യത്തെ ബിഡിനെക്കാൾ ഉയർന്ന തുക രേഖപ്പെടുത്താനുള്ള സാധ്യത തുടങ്ങിയവ പരിഗണിച്ചാണ് റീടെൻഡർ നിരുത്സാഹപ്പെടുത്തുന്നതെന്നാണു വിശദീകരണം.