ADVERTISEMENT

തൃശൂർ ∙ പുതുക്കാട് ടൗൺ സഹകരണ സംഘത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെട്ട വൻ അഴിമതി പാർട്ടി ഇടപെട്ടു പൂഴ്ത്തിവച്ചെന്ന് ആരോപണം. ബാങ്കിന്റെ മുൻ ഭരണസമിതി അംഗവും കൊടകര ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ നൈജോ കാച്ചപ്പിള്ളി പണയവസ്തു കൈവശപ്പെടുത്തി തട്ടിച്ചെടുത്ത തുക കുടിശിക സഹിതം 85 ലക്ഷം രൂപയാണെന്നു സഹകരണ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയെങ്കിലും നടപടിയുണ്ടായില്ല. ഇതടക്കം വിവിധ ക്രമക്കേടുകളിലായി കോടികളുടെ വെട്ടിപ്പു നടന്നെന്നാണു കണ്ടെത്തൽ. സംഭവം പൊലീസിനു റിപ്പോർട്ട് ചെയ്യാനും നിയമനടപടി സ്വീകരിക്കാനും സംഘം അസ‍ി. റജിസ്ട്രാർ നിർദേശം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.

കൊടകര വില്ലേജിൽ സ്വകാര്യ വ്യക്തിയുടെ പേരിലുള്ള 25 സെന്റ് ഭൂമിയുടെ ആധാരം ഈടുവച്ചു സഹകരണ സംഘത്തിൽ നിന്നു വായ്പയെടുത്തിരുന്നു. ഈ വായ്പ കുടിശികയായി ബാങ്കിനു ബാധ്യതയായിരിക്കെ നൈജോ കാച്ചപ്പിള്ളി ഇതേ ഭൂമി സ്വന്തം നിലയ്ക്കു വാങ്ങുകയും വീണ്ടും ഈടുവച്ചു വായ്പയെടുക്കുകയും ചെയ്തെന്നാണു പരിശോധനയിൽ കണ്ടെത്തിയത്. കുടിശികയടക്കം ആകെ 85 ലക്ഷം രൂപയുടെ ക്രമക്കേടാണ് ഇതിനു പിന്നിൽ നടന്നത്.

കടംവീട്ടാതെ ഭൂമിയുടെ ആധാരം കൈമാറാനാകില്ലെന്നാണു നിയമം. രേഖകളൊന്നും ഈടായി സമർപ്പിക്കാതെ അമ്മയുടെ പേരിൽ 41 ലക്ഷം രൂപ വായ്പയായി തരപ്പെടുത്തി ഈ പണമുപയോഗിച്ചാണു ഭൂമിയുടെ പേരിലുള്ള കടം വീട്ടിയതും ആധാരം തിരിച്ചെടുത്തതും. ഇതേ ആധാരം ഈടുവച്ചാണു വീണ്ടും വായ്പയെടുത്തു തട്ടിപ്പു നടത്തിയത്. 41 ലക്ഷം രൂപ വായ്പയായി പാസാക്കിയ ഭൂമിക്കു മതിപ്പുവില 29.88 ലക്ഷം രൂപയാണ്.

ഇതിന്റെ പാതി വായ്പയായി നൽകാനാണു നിയമമെങ്കിലും 41 ലക്ഷം പാസാക്കി നൽകി. സംഭവം പൊലീസിനു റിപ്പോർട്ട് ചെയ്യാതെ മുക്കിയതിനു പിന്നിൽ പാർട്ടി ജില്ലാ നേതാക്കളുടെ സ്വാധീനമാണെന്നും ആക്ഷേപമുണ്ട്. താൽക്കാലിക കലക്‌ഷൻ ഏജന്റ് ആയിരുന്ന ടി.വി. സുനിൽ കലക്‌ഷൻ തുക ബാങ്കിലടയ്ക്കാതെ 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നും കണ്ടെത്തി. ഈ തുക തിരിച്ചീടാക്കാൻ നടപടിയെടുക്കാതെ ഇയാളുടെ അമ്മയുടെയും ഭാര്യയുടെയും പേരിൽ 15 ലക്ഷം വീതം പാസാക്കി നൽകി. കുടിശിക സഹിതം ഇവരുടെ ആകെ ബാധ്യത 51 ലക്ഷമായി. 

English Summary:

CPM leader involved scam in Pudukkad cooperative society

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com