ഡിഎ കുടിശിക: ജീവനക്കാർക്ക് ‘ഓണവിലക്ക്’; പിഎഫിൽ ലയിപ്പിച്ച നാലാം ഗഡുവും പിൻവലിക്കാനാവില്ല
Mail This Article
തിരുവനന്തപുരം ∙ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടിൽ (പിഎഫ്) ലയിപ്പിച്ച ക്ഷാമബത്തയുടെ (ഡിഎ) കുടിശിക കാലാവധി കഴിഞ്ഞിട്ടും പിൻവലിക്കുന്നതിനു സർക്കാർ വിലക്ക് ഏർപ്പെടുത്തി. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്തു വർധിപ്പിച്ച 4 ഗഡു ക്ഷാമബത്ത കുടിശികയ്ക്കാണു വിലക്ക്. സർക്കാർ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനാൽ ഇനി ഒരു ഉത്തരവിറക്കുന്നതു വരെ കുടിശിക പിൻവലിക്കാൻ അനുവദിക്കരുതെന്ന് ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, അക്കൗണ്ടന്റ് ജനറലിനു കത്ത് നൽകി. ഓണത്തോടനുബന്ധിച്ചുള്ള ചെലവുകൾക്ക് ഈ തുക പിൻവലിക്കാമെന്ന സർക്കാർ ജീവനക്കാരുടെ പ്രതീക്ഷകളാണ് പൊലിഞ്ഞത്.
2021 ഫെബ്രുവരിയിലാണു സർക്കാർ ജീവനക്കാർക്കു കുടിശികയായി കിടന്ന ഡിഎയിൽ 4 ഗഡു അനുവദിച്ചത്. 2019 ജനുവരി 1 മുതൽ 3 ശതമാനവും ജൂലൈ 1 മുതൽ 5 ശതമാനവും 2020 ജനുവരി 1 മുതൽ 4 ശതമാനവും ജൂലൈ 1 മുതൽ 4 ശതമാനവും ആയിരുന്നു ഡിഎ വർധന. എന്നാൽ, ഇൗ തുക പണമായി നൽകിയില്ല. പകരം പിഎഫിൽ ലയിപ്പിച്ചു. ലയിപ്പിച്ച ഓരോ ഗഡുവും യഥാക്രമം 2023 ഏപ്രിൽ 1, സെപ്റ്റംബർ 1, 2024 ഏപ്രിൽ 1, സെപ്റ്റംബർ 1 എന്നീ തീയതികൾക്കു ശേഷം പിൻവലിക്കാമെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയത്. കഴിഞ്ഞ 3 ഗഡുക്കളും പിൻവലിക്കാൻ അനുവദിച്ചില്ല.
നാലാം ഗഡുവിനൊപ്പം പഴയ 3 ഗഡുക്കൾ കൂടി നാളെ മുതൽ പിൻവലിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാർ. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിനു മുൻപുള്ള നിരക്കനുസരിച്ച് ഏതാണ്ട് 3 മാസത്തെ ശമ്പളത്തിനു തുല്യമായ തുകയാണു പലർക്കും 4 ഗഡുക്കളും ചേർത്തു കിട്ടാനുള്ളത്.
ക്ഷേമപെൻഷൻ നൽകാൻ 1,000 കോടി വായ്പയെടുക്കും; സഹകരണ ബാങ്ക് കൺസോർഷ്യം വായ്പ നൽകുന്നത് 9.1% പലിശയ്ക്ക്
ഓണത്തിനു മുൻപ് ഒന്നോ രണ്ടോ മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ ഉയർന്ന പലിശയ്ക്കു സഹകരണ ബാങ്കുകളിൽനിന്ന് 1,000 കോടി രൂപ സർക്കാർ വായ്പയെടുക്കുന്നു. മണ്ണാർക്കാട് റൂറൽ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച കൺസോർഷ്യത്തിൽനിന്ന് 9.1% എന്ന ഉയർന്ന പലിശ നൽകിയാണ് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി വായ്പയെടുക്കുക. ഇതിനു സർക്കാർ അനുമതി നൽകി. ഇൗ മാസത്തെ ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചെങ്കിലും 5 മാസത്തെ പെൻഷൻ ഇപ്പോഴും കുടിശികയാണ്.