ADVERTISEMENT

കോട്ടയം ∙ മാധ്യമങ്ങളാണു പൊലീസിന്റെ കേസന്വേഷണത്തിനു തടസ്സം നിൽക്കുന്നതെന്നു മന്ത്രി പി.രാജീവ്. കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്വേഷണത്തിൽ മാത്രമല്ല, യഥാർഥ കുറ്റവാളികളെ കണ്ടെത്തി കോടതിയിൽ ഹാജരാക്കുന്നതിനും കേരള പൊലീസ് മുന്നിലാണ്. മാറുന്ന സാങ്കേതികവിദ്യ അനുസരിച്ച് പൊലീസ്‌ സേനയിലും നവീകരണമുണ്ടാകും. സാമ്പത്തിക ഞെരുക്കം കാരണമാണ് പ്രതീക്ഷിക്കുന്നതു പോലെ സർക്കാരിനു മുന്നേറാൻ കഴിയാത്തതെന്നും മന്ത്രി പറഞ്ഞു. 

അസോസിയേഷൻ സംസ്ഥാന ട്രഷറർ ജി.പി.അജിത്ത് അധ്യക്ഷത വഹിച്ചു. ഗവ.ചീഫ് വിപ് എൻ.ജയരാജ്, വൈസ് പ്രസിഡന്റ് സഞ്ജു വി.കൃഷ്ണൻ, പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ്, ഡി.കെ. പൃഥ്വിരാജ്, പ്രമോദ് രാമൻ, റെജി സക്കറിയ, കെ.എസ്.ഇന്ദു, കെ.എസ്.ഔസേപ്പ്, എം.എം.അജിത് കുമാർ എന്നിവർ പ്രസംഗിച്ചു. 

സമ്മേളനത്തിനു തുടക്കംകുറിച്ച് ഈരയിൽക്കടവ് ആൻസ് ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ഷിനോദാസ് പതാക ഉയർത്തി. പ്രതിനിധി സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ്, കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംജി കെ. നായർ, എസ്.റനീഷ്, ഇ.വി.പ്രദീപൻ, പി.എച്ച്.അൻസീം, പി.ആർ. രഞ്ജിത് കുമാർ, എൻ.വി. അനിൽകുമാർ, ബിനു കെ.ഭാസ്കർ എന്നിവർ പ്രസംഗിച്ചു. 

ഇന്ന് 5നു നേതൃസംഗമവും യാത്രയയപ്പും മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. നാളെ 9.30ന് പ്രതിനിധി സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വൈകിട്ടു 4നു പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 

ശബരിമല ഉൾപ്പെടെയുള്ള തീർഥാടന കേന്ദ്രങ്ങളിൽ ഡ്യൂട്ടികൾക്കായി പൊലീസിൽ സ്പെഷൽ സെക്യൂരിറ്റി വിഭാഗം രൂപീകരിക്കണമെന്നു സമ്മേളനം ആവശ്യപ്പെട്ടു. തീർഥാടനകേന്ദ്രങ്ങളിൽ സീസൺ കാലയളവിൽ ഡ്യൂട്ടിക്ക് പൊലീസുകാർ നിയമിക്കപ്പെടുന്നതോടെ വിവിധ ജില്ലകളിലെ സ്റ്റേഷനുകളിലെ പ്രവർത്തനം താറുമാറാകും. ഇതിനു പരിഹാരമായാണ് പുതിയ നിർദേശം പ്രമേയത്തിലൂടെ മുന്നോട്ടുവച്ചത്. 

പങ്കാളിത്ത പെൻഷൻ പൊലീസ് സേനയിൽ നിന്ന് ഒഴിവാക്കുക, നേരിട്ടുള്ള സബ് ഇൻസ്പെക്ടർ നിയമനം അവസാനിപ്പിക്കുക, ജില്ലാ പൊലീസ് ചെയ്തുവരുന്ന, പൊലീസ് ഇതര സ്ഥാപനങ്ങളുടെ ഗാർഡ് ഡ്യൂട്ടികൾ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ ഏൽപിക്കുക തുടങ്ങിയ 100 പ്രമേയങ്ങളാണ് സമ്മേളനം അംഗീകരിച്ചത്. 

English Summary:

Media obstructing police investigation: P Rajeev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com