ചുവടുപിഴച്ച് ഇ.പി.ജയരാജൻ; നിൽക്കുമോ, പോകുമോ?
Mail This Article
തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം എൽഡിഎഫ് കൺവീനർ പദവിയിൽനിന്നു നീക്കിയതോടെ ഇ.പി.ജയരാജൻ സംസ്ഥാന കമ്മിറ്റി യോഗം ബഹിഷ്കരിച്ചു. പ്രതിഷേധം പ്രകടമാക്കിയ ഇ.പിയുടെ അടുത്ത നീക്കം എന്താകുമെന്ന ആകാംക്ഷയിലാണ് പാർട്ടി. കാരണം കൂടാതെ പാർട്ടി കമ്മിറ്റികളിൽനിന്നു നേതാക്കൾ വിട്ടുനിൽക്കരുതെന്ന നിർദേശം ഉള്ളപ്പോഴാണ്, തന്റെ കാര്യം ചർച്ച ചെയ്യുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ ഇ.പി കണ്ണൂരിലേക്കു മടങ്ങിയത്.
-
Also Read
ബിജെപി കെണിയിൽ കുരുങ്ങി ഇ.പി
കൺവീനർ പദവിയിൽനിന്നു നീക്കിയത് ഒഴിച്ചാൽ ഇ.പിക്കെതിരെ നടപടി ഉണ്ടാകില്ലെന്നാണ് എം.വി.ഗോവിന്ദൻ അറിയിച്ചത്. കേന്ദ്രകമ്മിറ്റി അംഗമായ ഇ.പിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ സംസ്ഥാന കമ്മിറ്റിക്ക് അധികാരമില്ല. അതു കണക്കിലെടുത്താണോ ഗോവിന്ദന്റെ പ്രതികരണമെന്നു സംശയിക്കുന്നവരുണ്ട്. ബിജെപി സഖ്യ ചർച്ചയുടെ പേരിൽ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു മാറ്റിയ ആൾക്കെതിരെ സംഘടനാ നടപടി ഉണ്ടാകില്ലെന്ന് സിപിഎമ്മിന്റെ രീതിയനുസരിച്ചു കരുതാനുമാകില്ല.
ഇപ്പോഴത്തെ നടപടി ഇ.പി എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചാകും പാർട്ടിയുടെ തുടർനീക്കങ്ങൾ. സംസ്ഥാന കമ്മിറ്റി ബഹിഷ്കരിച്ചതും പ്രതികരണത്തിനു തയാറാകാതെ സസ്പെൻസ് നിലനിർത്തുന്നതും നല്ല സൂചനകളല്ല നേതൃത്വത്തിനു നൽകുന്നത്.
2025 മേയ് 28ന് ഇ.പിക്ക് 75 വയസ്സാകും. 75 കഴിയുന്നവരെ സംഘടനാ സമിതികളിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം വേണമെങ്കിൽ ഇ.പിക്കും ബാധകമാക്കാം. എന്നാൽ, പാർട്ടി കോൺഗ്രസ് നടക്കുന്നത് ഏപ്രിലിൽ ആയതിനാൽ അതിന് മുൻപ് 75 ആയില്ലെന്ന സാങ്കേതികത്വം കണക്കിലെടുത്ത് അദ്ദേഹത്തിന് ഇളവു നൽകുകയുമാകാം. അങ്ങനെയെങ്കിൽ പിന്നെയും 3 വർഷം പാർട്ടി പദവികളിൽ തുടരാൻ കഴിയും.
പാർട്ടിയിൽനിന്നു കയ്പേറിയ അനുഭവങ്ങളുണ്ടായപ്പോൾ രാഷ്ട്രീയപ്രവർത്തനം ഉപേക്ഷിക്കാൻ പലതവണ ഇ.പി ഒരുങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ അപമാനം സഹിച്ച് അദ്ദേഹം തുടരുമോ അതോ മറ്റു വഴി തേടുമോ എന്നതിന്റെ ഉത്തരം തൽക്കാലം പാർട്ടി നേതൃത്വത്തിനുമില്ല.