ADVERTISEMENT

തിരുവനന്തപുരം ∙ പാർട്ടി വോട്ടുകൾ ബിജെപിയിലേക്കു പോയതായി ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം വിലയിരുത്തിയ സിപിഎം, ആ പാർട്ടിയുമായി ചർച്ച നടത്തിയതിന്റെ പേരിൽ ഉന്നത നേതാവിനെതിരെ നടപടിയെടുത്തത് വഴിതുറക്കുന്നതു ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക്. പാർട്ടി സമ്മേളനങ്ങൾ ഇന്ന് ആരംഭിക്കാനിരിക്കെ, ഉദ്വേഗ ദിനങ്ങളിലേക്കാണു സിപിഎം ചുവടുവയ്ക്കുന്നത്.

തുടർച്ചയായി 2 ടേം മത്സരിച്ചതിന്റെ പേരിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒഴിവാക്കിയതു മുതൽ ഇ.പി.ജയരാജൻ അസ്വസ്ഥനായിരുന്നു. പാർലമെന്ററി സാധ്യതകൾ അടഞ്ഞതായി അദ്ദേഹം വിലയിരുത്തി. എം.വി.ഗോവിന്ദന്റെ ആരോഹണത്തോടെ സംഘടനാരംഗത്തും രക്ഷയില്ലെന്ന തോന്നലായി. പാർട്ടി പദവികളിൽ തുടരാനുള്ള പ്രായപരിധിയായ 75 വയസ്സ് അടുത്തുവരുന്നതും അസ്വസ്ഥനാക്കി. ആകെ ഉലഞ്ഞുനിന്ന ഇ.പിയെ ചാക്കിലാക്കാൻ മധ്യസ്ഥർ വഴി ബിജെപി നടത്തിയ ശ്രമങ്ങൾക്കു വഴങ്ങിയെന്ന പേരിലാണു പാർട്ടി നടപടി. ആരോപണം സിപിഎം അംഗീകരിക്കുന്നില്ല. എന്നാൽ, പ്രചാരണങ്ങൾ സാധൂകരിക്കുന്ന ജാഗ്രതക്കുറവ് ഇ.പിക്ക് ഉണ്ടായെന്നാണു വിലയിരുത്തൽ.

പ്രകാശ് ജാവഡേക്കർ നേരിൽക്കണ്ട കാര്യം സമ്മതിച്ച ഇ.പി, സന്ദർശനം യാദൃച്ഛികമാണെന്നു നൽകിയ വിശദീകരണം അതേപടി വിഴുങ്ങാൻ സിപിഎം തയാറായില്ല. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറുമായി ഉണ്ടാക്കിയ ബിസിനസ് ബന്ധം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയതും പാർട്ടി ഗൗരവമായെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പി‍ൽ ബിജെപിക്ക് മിടുക്കരായ സ്ഥാനാർഥികളുണ്ടെന്നും ചില സീറ്റുകളിൽ യുഡിഎഫുമായല്ല, ബിജെപിയുമായാണു മത്സരമെന്നും എൽഡിഎഫ് കൺവീനർ അഭിപ്രായപ്പെട്ടതും പരിശോധിച്ച്, പദവിയിൽ തുടരാൻ അദ്ദേഹം യോഗ്യനല്ലെന്ന നിഗമനത്തിലെത്തി. കൺവീനർ പദവിയിൽ നിലനിർത്തുന്നതിനോടു സിപിഐ പ്രകടിപ്പിച്ച വിയോജിപ്പും മുന്നണി പ്രശ്നങ്ങൾ ധരിപ്പിക്കാൻ കൺവീനറെ കിട്ടാറില്ലെന്ന ഘടകകക്ഷികളുടെ പരാതിയും ഇ.പിക്കു വിനയായി.

ep-jayarajan-card-article-01
ep-jayarajan-card-article-02
ep-jayarajan-card-article-03
ep-jayarajan-card-article-04
ep-jayarajan-card-article-05
ep-jayarajan-card-article-01
ep-jayarajan-card-article-02
ep-jayarajan-card-article-03
ep-jayarajan-card-article-04
ep-jayarajan-card-article-05

ബദൽരേഖയുടെ പേരി‍ൽ പി.വി.കുഞ്ഞിക്കണ്ണനും പാലക്കാട് സംസ്ഥാന സമ്മേളനത്തിൽ നടന്ന വെട്ടിനിരത്തലിനെത്തുടർന്ന് സംസ്ഥാന കമ്മിറ്റിയിൽനിന്നു നീക്കിയതിന്റെ ഫലമായി എം.എം.ലോറൻസിനും നേരത്തേ എൽ‍ഡിഎഫ് കൺവീനർ പദവിയിൽനിന്ന് ഒഴിവാകേണ്ടി വന്നിട്ടുണ്ട്.

ബ്രാഞ്ച് സമ്മേളനം തുടങ്ങിക്കഴിഞ്ഞാൽ പാർട്ടിതല നടപടികളെടുക്കാറില്ല എന്നതുകൂടി കണക്കിലെടുത്താണ് ഇന്നലെത്തന്നെ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചതും ഈ അജൻഡ ചർച്ചയ്ക്കെടുത്തതും. ബിജെപിക്കെതിരെ പോരാടുന്നുവെന്ന് അവകാശപ്പെടുന്ന മുന്നണിയുടെ കൺവീനറിൽത്തന്നെ ആ പാർട്ടിയുമായുള്ള ബന്ധം ആരോപിക്കപ്പെടുന്നതു മൂലം ഉണ്ടാകുന്ന പ്രതിസന്ധി മറികടക്കാൻ കൂടിയാണു സിപിഎം ശ്രമിക്കുന്നത്.

English Summary:

EP Jayarajan caught in trap of BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com