എസ്പി–എംഎൽഎ ഫോൺ സംഭാഷണ വിവാദം: അന്വേഷിക്കാൻ ആഭ്യന്തരവകുപ്പ്
Mail This Article
തിരുവനന്തപുരം∙ എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ ഗുരുതര ആരോപണമുന്നയിച്ചും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഇടപെടലുകളെക്കുറിച്ചു പറഞ്ഞും പത്തനംതിട്ട എസ്പി സുജിത്ദാസ് നടത്തിയ ഫോൺ സംഭാഷണത്തിൽ അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് നിർദേശം. 3 ദിവസം അവധിയിൽ പ്രവേശിച്ച എസ്പി സുജിത്ദാസിനെ തിരികെ പത്തനംതിട്ടയിൽ നിയോഗിക്കില്ലെന്നാണു വിവരം. ഇന്നലെ എഡിജിപി എം.ആർ.അജിത്കുമാറിനെ കാണാൻ അദ്ദേഹത്തിന്റെ ഓഫിസിൽ സുജിത്ദാസ് എത്തിയെങ്കിലും കാണാൻ അനുമതി ലഭിച്ചില്ല.
പി.വി.അൻവർ എംഎൽഎയുമായി കഴിഞ്ഞ ശനിയാഴ്ച എസ്പി നടത്തിയ സംഭാഷണമാണു പുറത്തായത്. തനിക്കെതിരെയുള്ള പരാമർശങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എഡിജിപി എം.ആർ.അജിത്കുമാർ ആഭ്യന്തരവകുപ്പിനും ഡിജിപിക്കും പരാതി നൽകി. ഇതുകൂടാതെ 4 പരാതികൾ ഡിജിപിക്ക് ഇമെയിൽ വഴി ലഭിച്ചിട്ടുണ്ട്. ഉടൻ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ ശബ്ദരേഖ തെളിവാക്കി ആരെങ്കിലും കോടതിയെ സമീപിച്ചാൽ കോടതിക്കു സ്വമേധയാ കേസെടുത്ത് അന്വേഷണം പ്രഖ്യാപിക്കാനാകും. അതിനാലാണു സർക്കാർ ഉടൻ അന്വേഷണത്തിനു തയാറായത്. ഫോണിൽ റെക്കോർഡ് ചെയ്ത സംഭാഷണങ്ങൾ തെളിവായി സ്വീകരിക്കാമെന്ന സുപ്രീംകോടതിയുടെ നിർദേശവുമുണ്ട്.
എം.ആർ.അജിത്കുമാർ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന രീതിയിലാണു പൊലീസ് ഭരണം നടത്തുന്നതെന്നാണ് അൻവറിന്റെ വിമർശനം. പി.ശശിയുടെ വലംകൈയാണ് അജിത്കുമാറെന്നും സുജിത്ദാസ് പറയുന്നുണ്ട്. അങ്ങനെയാകാൻ എന്തു മാജിക്കാണ് അജിത്കുമാറിന്റെ കൈയിലുള്ളതെന്ന ചോദ്യത്തിന്, പി.ശശി പറയുന്നതെല്ലാം അണുവിട തെറ്റാതെ ചെയ്തു കൊടുക്കുന്നുണ്ടെന്നാണ് എസ്പിയുടെ മറുപടി. പി.ശശിയുടെ പൊലീസിലെ ഇടപെടലിനെക്കുറിച്ചു പാർട്ടിയിൽതന്നെ വിരുദ്ധാഭിപ്രായമുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഭാര്യയുടെ സഹോദരന്മാരെക്കുറിച്ചു വരെ ജില്ലാ പൊലീസ് മേധാവി പറഞ്ഞിട്ടുണ്ട്. എഡിജിപിക്കെതിരെ പി.വി.അൻവർ അഴിമതി ആരോപണവും ഉന്നയിക്കുന്നുണ്ട്. മുഖ്യമന്ത്രിയെയും സർക്കാരിനെയും നിരന്തരം വിമർശിച്ച ഓൺലൈൻ ചാനലിനെ സഹായിച്ചെന്നും അൻവർ പറഞ്ഞിട്ടുണ്ട്.