ADVERTISEMENT

മലപ്പുറം ∙ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചു പത്തനംതിട്ട എസ്പി എസ്.സുജിത്ദാസ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാൽ അജിത്കുമാർ പൊലീസിൽ സർവശക്തനാണ്. ഒരുകാലത്തു പൊലീസിൽ ശക്തനായിരുന്ന ഐജി പി.വിജയനെ തകർത്തതു അജിത്കുമാറാണ്. എഡിജിപിയുടെ ഭാര്യാസഹോദരന്മാർക്ക് എന്താണു ജോലിയെന്ന് അന്വേഷിക്കണമെന്നും പി.വി.അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണത്തിൽ സുജിത്ദാസ് പറയുന്നു.

മലപ്പുറം, പാലക്കാട്, തൃശൂർ എസ്പിമാരെ അധിക്ഷേപിക്കുന്ന രീതിയിൽ പത്തനംതിട്ട എസ്പി സംസാരിക്കുന്നതും ചാനൽ പുറത്തുവിട്ട ഓഡിയോയിൽ വ്യക്തം. പിണറായി സർക്കാരിന്റെ പൊലീസ് നയത്തെ പി.വി.അൻവർ സംഭാഷണത്തിൽ പരോക്ഷമായി വിമർശിക്കുന്നുണ്ട്. പൊതുപ്രവർത്തകർക്കു പരിഗണന ലഭിക്കാത്ത രീതിയിലേക്കു മാറിയതോടെ പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടുന്നതു നിർത്തിയെന്നാണ് അൻവർ പറയുന്നത്.

എല്ലാ ബിസിനസുകാരും അജിത്കുമാറിന്റെ സുഹൃദ്‌വലയത്തിലാണെന്ന് അൻവർ പറയുമ്പോൾ സുജിത്ദാസ് അതു ശരിവയ്ക്കുന്നു. ‘അതിനല്ലേ ആ പൊട്ടനെ അവിടെ എസ്പിയായി ഇരുത്തിയിരിക്കുന്നത്. അയാൾ കല്ലും മണലും പിടിച്ചുനടക്കും’– മലപ്പുറം എസ്പിയെക്കുറിച്ചു സുജിത്ദാസിന്റെ വാക്കുകൾ. എം.ആർ.അജിത്കുമാർ സർക്കാരിനെതിരെ പ്രവർത്തിക്കുന്നുവെന്ന് അൻവർ പറയുമ്പോൾ എംഎൽഎക്കു മാത്രമല്ലേ ആ വിചാരമുള്ളൂ, പൊളിറ്റിക്കൽ സെക്രട്ടറിക്കും ആഭ്യന്തര വകുപ്പിനും അതില്ലല്ലോയെന്നാണു സുജിത്ദാസിന്റെ മറുപടി.

സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിരന്തരം പ്രവർത്തിച്ച ഓൺലൈൻ ചാനൽ ഉടമയ്ക്കു പൊലീസിന്റെ നീക്കങ്ങൾ ചോർത്തിക്കൊടുത്തത് അജിത്കുമാറാണെന്ന് അൻവർ ആരോപിക്കുന്നു. ‘ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത് എം.ആർ.അജിത്കുമാറാണ്. അദ്ദേഹം പൊളിറ്റിക്കൽ സെക്രട്ടറി ശശി സാറിന്റെ വലംകയ്യാണ്. ഇത് ഇങ്ങനെ വേണമെങ്കിൽ ചുരുക്കിപ്പറയാം’– സുജിത്ദാസ് പറയുന്നതായി ഓഡിയോയിൽ കേൾക്കാം. 

English Summary:

Pathanamthitta SP S. Sujithdas with serious allegations against ADGP M.R. Ajithkumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com