വനിതാ പങ്കാളിത്തം കൂട്ടാൻ ആർഎസ്എസ്; പരിസ്ഥിതി വിഷയങ്ങളിലും സജീവമാകും
Mail This Article
പാലക്കാട് ∙ പരിസ്ഥിതി പ്രവർത്തനങ്ങളിൽ സജീവമാകാനും പരിവാർ സംഘടനകളുടെ എല്ലാ തലത്തിലും വനിതാ പങ്കാളിത്തം വർധിപ്പിക്കാനും ആർഎസ്എസ് തീരുമാനിച്ചു. സംഘടനയുടെ ശതാബ്ദി വർഷത്തിൽ ഇതിനുള്ള രൂപരേഖ അഖിലേന്ത്യാ സമന്വയ ബൈഠക്കിൽ തയാറാക്കും.
കാലാവസ്ഥാ മാറ്റം, ജലസംരക്ഷണം, മണ്ണ് സംരക്ഷണം, മലിനീകരണം തുടങ്ങിയ വിഷയങ്ങളിൽ വിപുലമായി ഇടപെടാൻ ഖണ്ഡ് (താലൂക്ക്), മണ്ഡലം തലത്തിൽ പ്രവർത്തകനെ നിയമിച്ചു. സംഘപരിവാറിന്റെ ഭാഗമായി നിലവിലുള്ള മഹിളാ സമന്വയയ്ക്കു കീഴിൽ കൂടുതൽ വനിതാ ശാഖകൾ ആരംഭിക്കും. സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെ അധ്യക്ഷതയിൽ നടക്കുന്ന 3 ദിവസത്തെ നയരൂപീകരണ ബൈഠക്കിൽ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സംഘത്തിന്റെ 6 സഹസർകാര്യവാഹകന്മാർ എന്നിവരും ദേശീയ ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്. വയനാട്ടിൽ ഉരുൾപൊട്ടി മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചാണു തുടങ്ങിയത്.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷൻ അലോക് കുമാർ, ജനറൽ സെക്രട്ടറി ബജ്റംഗ് ബഗ്ര, എബിവിപി സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാൻ, രാഷ്ട്ര സേവിക സമിതി പ്രമുഖസഞ്ചാലിക ശാന്തക്ക, പ്രമുഖ കാര്യവാഹിക സീത അന്നദാനം, വനവാസി കല്യാൺ ആശ്രമം അധ്യക്ഷൻ സത്യേന്ദ്ര സിങ്, പൂർവസൈനിക സേവാ പരിഷത്ത് അധ്യക്ഷൻ ലഫ്.ജന.(റിട്ട.) വി.കെ.ചതുർവേദി, ഗ്രാഹക് പഞ്ചായത്ത് അധ്യക്ഷൻ നാരായൺ ഭായ് ഷാ, വിദ്യാഭാരതി അധ്യക്ഷൻ ശ്രീരാമകൃഷ്ണ റാവു, ബിഎംഎസ് അധ്യക്ഷൻ ഹിരൺമയ് പാണ്ഡ്യ, ആരോഗ്യഭാരതി അധ്യക്ഷൻ ഡോ. രാകേഷ് പണ്ഡിറ്റ് തുടങ്ങി പോഷകസംഘടനകളുടെ 300 ദേശീയ ഭാരവാഹികൾ യോഗത്തിലുണ്ട്. ബൈഠക് നാളെ സമാപിക്കും.