തിരഞ്ഞെടുപ്പു കാലത്ത് സംരക്ഷിച്ച ജയരാജനെ എന്തിന് ഇപ്പോൾ പുറത്താക്കുന്നു: സതീശൻ
Mail This Article
തൃശൂർ ∙ തിരഞ്ഞെടുപ്പു കാലത്ത് ഇ.പി.ജയരാജനെ സംരക്ഷിച്ച പാർട്ടി ഇപ്പോൾ അദ്ദേഹത്തിൽ എന്തുകുഴപ്പമാണു കണ്ടെത്തിയതെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രകാശ് ജാവഡേക്കറെ താനും പലതവണ കണ്ടിട്ടുണ്ടെന്നാണ് അന്നു മുഖ്യമന്ത്രി പറഞ്ഞത്. കേന്ദ്രമന്ത്രിയല്ലാത്ത ജാവഡേക്കറെ എന്തിനാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി കാണുന്നത്. മുഖ്യമന്ത്രിക്കു വേണ്ടിയാണ് ജയരാജൻ ജാവഡേക്കറെ കണ്ടത്. കേസുകൾ ദുർബലപ്പെടുത്താനാണ് ആ കൂടിക്കാഴ്ച. സിപിഎം നേതാക്കൾക്കെല്ലാം ബിജെപിയുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞു. തിരഞ്ഞെടുപ്പു കാലത്ത് ഇവിടത്തെ നേതാക്കളുടെ കഴുത്തിനു പിടിച്ച ഇ.ഡി ഇപ്പോൾ എവിടെയാണ്?. കരുവന്നൂർ എന്തായി?.
പൊലീസ് സേനയുടെ തലയിൽ മുണ്ടല്ല, പുതപ്പിടേണ്ട സ്ഥിതിയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണ് പൊലീസ് സേനയെ നിയന്ത്രിക്കുന്നതെന്നു പ്രതിപക്ഷം പറഞ്ഞതിനെ ശരിവച്ചാണ് എസ്പിയും എംഎൽഎയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നിരിക്കുന്നത്. പൊലീസിൽ പരസ്പര ബഹുമാനം നഷ്ടമായി. സർവീസിലുള്ള 25 വർഷം താൻ സിപിഎമ്മിനോടു കടപ്പെട്ടിരിക്കുമെന്ന് എസ്പി പറയുകയാണ്. നീതിയും ന്യായവുമല്ല പൊലീസ് സേനയെ ഭരിക്കുന്നത് എന്നാണു പ്രതിപക്ഷം പണ്ടും ആരോപിച്ചിട്ടുള്ളത്. ഇത് സിബിഐയോ മറ്റ് കേന്ദ്ര ഏജൻസികളോ അന്വേഷിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനു താൽപര്യമുള്ളവരെ അവർ സംരക്ഷിക്കും.
റഷ്യയിലേക്ക് കബളിപ്പിച്ചു കൊണ്ടുപോയി സേനയിൽ ചേർക്കപ്പെട്ട മലയാളികളെ തിരികെക്കൊണ്ടുവരാൻ ഇടപെടണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തു നൽകിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.