ഹൈറിച്ച്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റപത്രം സമർപ്പിച്ചു; പ്രതിപ്പട്ടികയിൽ 37 പേർ
Mail This Article
കൊച്ചി ∙ തൃശൂരിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടി ലവൽ മാർക്കറ്റിങ് കമ്പനി 1652 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു. മണിചെയിൻ മാതൃകയിൽ ഹൈറിച്ച് കമ്പനി 3,141 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയെന്നായിരുന്നു കേസ്. ഇതിൽ 1652 കോടി രൂപയുടെ തട്ടിപ്പാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. മാനേജിങ് ഡയറക്ടർ കെ.ഡി. പ്രതാപൻ, ഭാര്യയും സിഇഒയുമായ ശ്രീന എന്നിവരടക്കം 37 പേരാണു പ്രതിപ്പട്ടികയിലുള്ളത്.
ഉടമകൾക്കു പുറമേ കമ്പനിയുടെ മുഖ്യ പ്രമോട്ടർമാരായ റീത്ത, റിയാസ്, സിന്ധുപ്രകാശ്, ദിലീപ് ഷാജു, ടി.പി.അനിൽകുമാർ, സുരേഷ് ബാബു, ദിനുരാജ്, ഫിജിഷ് കുമാർ, അമ്പിളി ഏബ്രഹാം, പി.ഗംഗാധരൻ, വി.എ.സമീർ, ടി.ജെ.ജിനിൽ, ടി.എം.കനകരാജ്, എം.ബഷീർ, പി.ലക്ഷ്മണൻ, ഷമീന, മുനവർ, പ്രശാന്ത് പി. നായർ എന്നിവരാണു കേസിലെ മുഖ്യപ്രതികൾ. കേസിൽ കേരള പൊലീസ് നേരത്തെ 28 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇതിൽ ഒന്നിൽപോലും പ്രതികളെ അറസ്റ്റ് ചെയ്യുകയോ കുറ്റപത്രം സമർപ്പിക്കുകയോ ചെയ്തിട്ടില്ല.
പ്രതികളുടേതായി നാട്ടിൽ കണ്ടെത്തിയ 277 കോടി രൂപയുടെ സ്വത്തുവകകൾ അന്വേഷണ സംഘം കണ്ടുകെട്ടിയിട്ടുണ്ട്. ഹൈറിച്ച് ഗ്രോസറി ബിസിനസ്, ഫാം സിറ്റി, എച്ആർ ക്രിപ്റ്റോ, എച്ആർ ഒടിടി തുടങ്ങി പദ്ധതികൾ പ്രഖ്യാപിച്ചു വലിയ ലാഭ വിഹിതം വാഗ്ദാനം ചെയ്താണു നിക്ഷേപകരെ കബളിപ്പിച്ചു പണം തട്ടിയെടുത്തത്. തട്ടിപ്പിൽ പങ്കാളികളായ മറ്റു പ്രമോട്ടർമാരെ കുറിച്ചുള്ള അന്വേഷണം ഇ.ഡി തുടരുകയാണ്.
തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാൻ നിക്ഷേപകർക്കു വിചാരണക്കോടതിയെ സമീപിക്കാവുന്നതാണ്. കണ്ടുകെട്ടാൻ കഴിഞ്ഞ സ്വത്തിൽ നിന്ന് ഈ തുക ഗഡുക്കളായി നിക്ഷേപകർക്കു ലഭിക്കും. പ്രതികൾ വിദേശത്തേക്കു കടത്തിയ പണം കണ്ടെത്തി തിരികെ കൊണ്ടുവരാൻ കഴിഞ്ഞാൽ മാത്രമേ മുഴുവൻ നിക്ഷേപകർക്കും പണം തിരികെ ലഭിക്കുകയുള്ളു. 11,500 പേജുകളുള്ള കുറ്റപത്രം 5 പെൻഡ്രൈവുകളിലായാണ് ഇ.ഡി കോടതിക്കു കൈമാറിയത്.