ബിജെപി ബന്ധം ആയുധമാക്കാൻ കോൺഗ്രസ്
Mail This Article
തിരുവനന്തപുരം ∙ ബിജെപി ബന്ധം ആരോപിച്ച് ഇ.പി.ജയരാജനെ ഒഴിവാക്കിയത് സിപിഎമ്മിനെതിരെ കോൺഗ്രസ് ആയുധമാക്കും. ‘ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി’ എന്ന നിലയിൽ സിപിഎം നടത്തുന്ന പ്രചാരണത്തിനു ജയരാജന്റെ പേരുപറഞ്ഞ് മറുപടി നൽകുകയാണു ലക്ഷ്യം. കൺവീനർ സ്ഥാനത്തുനിന്നു നീക്കിയതുവഴി ഇ.പി– ബിജെപി ബന്ധം സിപിഎം സമ്മതിച്ചെന്ന പ്രചാരണം കോൺഗ്രസ് ശക്തമാക്കും.
ബിജെപി ബന്ധം ജയരാജനിൽ മാത്രമൊതുക്കാതെ സിപിഎമ്മിലെ ഉന്നതനേതൃത്വത്തെ, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടിൽ നിർത്തണമെന്നാണു പാർട്ടിക്കുള്ളിലെ പൊതുവികാരം. ബിജെപി ബന്ധം ആരോപിക്കപ്പെട്ടയാൾ കേന്ദ്ര കമ്മിറ്റിയംഗമാണെന്നതു നേതൃതലത്തിൽ ബിജെപിയുമായി സിപിഎമ്മിനുള്ള അവിശുദ്ധ കൂട്ടുകെട്ടിനു തെളിവായി ഉയർത്തിക്കാട്ടും.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എതിരെയടക്കം ബിജെപി ധാരണയെന്ന ആക്ഷേപം ഇടതുപക്ഷം ഉയർത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാൻ, ദേശീയതലത്തിൽ ബിജെപിക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടം കോൺഗ്രസ് ചൂണ്ടിക്കാട്ടിയെങ്കിലും കേരളത്തിൽ ബിജെപിയെ പ്രതിരോധിക്കുന്നതു തങ്ങളാണെന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവർ അവകാശപ്പെട്ടിരുന്നത്. അതിന്റെ മുനയൊടിക്കുന്ന പ്രഹരമാണ് ജയരാജനിലൂടെ ഇടതുപക്ഷത്തിനു ലഭിച്ചതെന്നു കോൺഗ്രസ് കരുതുന്നു.