പതിവുവിട്ട് ഇ.പി, പ്രതികരണമില്ല; തലവേദനയും ഛർദിയുമെന്ന് വീട്ടുകാരുടെ വിശദീകരണം
Mail This Article
കണ്ണൂർ ∙ പറയാനുള്ളതു മാറ്റിവയ്ക്കുന്ന സ്വഭാവം ഇ.പി.ജയരാജനില്ല. സങ്കടമോ രോഷമോ പ്രതിഷേധമോ എന്തായാലും വാക്കിലും പ്രവൃത്തിയിലും പ്രകടിപ്പിക്കുന്നതാണ് ഇ.പിയുടെ മുഖമുദ്ര. എന്നാൽ, തികച്ചും വ്യത്യസ്തനായ ഇ.പിയെയാണ് ഇന്നലെ കണ്ടത്.
-
Also Read
ഇ.പി. ജയരാജൻ ഇവിടെവരെ
സിപിഎം സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാതെ ഇ.പി തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട വിവരം അറിഞ്ഞതു മുതൽ കണ്ണൂർ അരോളിയിലെ വീട്ടുപരിസരത്ത് മാധ്യമപ്പട കാത്തുനിൽക്കുന്നുണ്ടായിരുന്നു. രാവിലെ 8.45ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ ഇ.പി 10 മണിയോടെ വീട്ടിലെത്തിയെങ്കിലും മാധ്യമങ്ങളോടു പ്രതികരിച്ചില്ല. പതിവു ചിരിയോ സൗഹൃദപ്രകടനമോ ഇല്ലാതെ, ‘ഒന്നും പറയാനില്ല, എന്തെങ്കിലും പറയാനുണ്ടെങ്കിൽ വിളിക്കാം’ എന്നു പറഞ്ഞ് അദ്ദേഹം അകത്തേക്കു പോയി. ഉച്ചവരെ മാധ്യമപ്രവർത്തകർ കാത്തുനിന്നെങ്കിലും പുറത്തുവരാനോ പ്രതികരിക്കാനോ തയാറായില്ല.
ഇ.പി തലവേദനയും ഛർദിയുമായി കിടക്കുകയാണെന്നും സംസാരിക്കുമ്പോൾ ഒച്ചയടപ്പുള്ളതിനാൽ ഫോൺ അറ്റൻഡ് ചെയ്യാൻ പോലും കഴിയില്ലെന്നുമാണു വീട്ടുകാർ അറിയിച്ചത്. ഇ.പിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം എടുത്തില്ല.
ഇ.പിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു നീക്കിയ വിവരം തിരുവനന്തപുരത്ത് എം.വി.ഗോവിന്ദൻ സ്ഥിരീകരിച്ചതിനു പിന്നാലെ മാധ്യമപ്രവർത്തകർ വൈകിട്ട് നാലോടെ വീണ്ടും വീട്ടിലെത്തിയെങ്കിലും കാണാൻ കൂട്ടാക്കിയില്ല. ഉറക്കം ശരിയാകാത്തതിന്റെ അസ്വസ്ഥതകളും ഛർദിയും കാരണം കിടക്കുകയാണെന്നും മാധ്യമങ്ങളെ എപ്പോഴെങ്കിലും കാണാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അറിയിക്കാമെന്നും ഗൺമാൻ പറഞ്ഞു.