ഡിജിപിക്കും മേലെ...: പൊലീസിൽ പ്രതിഷേധം; സർക്കാർ അജിത്കുമാറിനൊപ്പം
Mail This Article
തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശ്വസ്തനായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പദവിയിൽ എം.ആർ.അജിത്കുമാർ വന്നപ്പോൾ മുതൽ പൊലീസിൽ ചേരിതിരിവ് വ്യക്തമായിരുന്നു. തന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായി നീങ്ങിയതോടെ, അജിത്കുമാറിനെതിരെ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് നേരിട്ടുതന്നെ നടപടി തുടങ്ങിയിരുന്നു. പക്ഷേ കാര്യങ്ങൾ നടത്തിയെടുക്കാൻ അജിത്കുമാർ വേണമെന്നു വന്നതോടെ ഡിജിപിയുടെ ശ്രമങ്ങൾ കാര്യമായി ഫലം കണ്ടില്ല. വയനാട് ഉരുൾപൊട്ടൽ മേഖലയിലേക്കു മറ്റ് ഓഫിസർമാരെ വിട്ട ഡിജിപിയുടെ നടപടി തിരുത്തി മുഖ്യമന്ത്രി അവിടേക്ക് അജിത്കുമാറിനെ നിയോഗിച്ചു.
സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തൽ നടത്തിയതിനു പിന്നാലെയാണ്, അന്ന് വിജിലൻസ് ഡയറക്ടറായിരുന്ന അജിത്കുമാറിന്റെ നിർദേശപ്രകാരം പാലക്കാട്ടെ വിജിലൻസ് സംഘം സ്വപ്നയുടെ സുഹൃത്ത് പി.എസ്.സരിത്തിനെ തട്ടിക്കൊണ്ടുപോകുകയും മൊബൈൽ ഫോൺ ബലമായി പിടിച്ചെടുക്കുകയും ചെയ്തത്. വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയെങ്കിലും വൈകാതെ തിരിച്ചെത്തിയത് ഏറ്റവും പ്രധാനപ്പെട്ട ക്രമസമാധാനച്ചുമതലയിലേക്കാണ്.
എലത്തൂർ ട്രെയിൻ തീവയ്പു കേസുമായി ബന്ധപ്പെട്ട് രഹസ്യം ചോർന്നുവെന്ന പേരിൽ ഐജി പി.വിജയനെ സസ്പെൻഡ് ചെയ്തതിനു പിന്നിൽ അജിത്കുമാറിന്റെ റിപ്പോർട്ടായിരുന്നു. ഇതിൽ പൊലീസിനുള്ളിൽ പ്രതിഷേധമുയർന്നിട്ടും അജിത്കുമാറിനൊപ്പമാണ് സർക്കാർ നിന്നത്. ഇതിനിടെ, അജിത്കുമാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഇന്റലിജൻസ് നോഡൽ ഓഫിസർമാരെ നിയമിച്ചതും വിവാദമായി.
എഡിജിപിക്കെതിരെ ഉയർന്ന ആരോപണത്തിന് സർക്കാരാണു മറുപടി പറയേണ്ടത്. ഡിജിപിക്കു പോലും മറുപടി നൽകാനാകില്ലെന്നതാണു വ്യവസ്ഥ. സമാനമായ ആരോപണം ആര് ഉന്നയിച്ചാലും അപ്പോൾത്തന്നെ പൊലീസ് കേസെടുക്കുകയാണു വേണ്ടതെന്ന നിയമവശം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.