മന്ത്രിയാകാൻ തോമസ് കെ. തോമസിനു വഴി തെളിഞ്ഞു; വഴങ്ങാതെ ശശീന്ദ്രൻ
Mail This Article
തിരുവനന്തപുരം ∙ എൻസിപിയിൽ എ.കെ.ശശീന്ദ്രനു പകരം കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിനെ മന്ത്രിയാക്കാനുള്ള നീക്കം സജീവമായി. തോമസിനോട് ഇടഞ്ഞുനിന്ന സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയും ഇപ്പോൾ അനുകൂല നിലപാടിലാണ്. എന്നാൽ, പാർട്ടി തീരുമാനിച്ചാൽ ഏതു സമയത്തും മാറുമെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്ന മന്ത്രി എ.കെ.ശശീന്ദ്രൻ വഴങ്ങാതെ വന്നതോടെ അദ്ദേഹവുമായി ചർച്ചകൾക്ക് നാലംഗ സമിതിയെ ചാക്കോ ചുമതലപ്പെടുത്തി.
രണ്ടരവർഷം കഴിഞ്ഞാൽ ശശീന്ദ്രൻ മാറിത്തരാമെന്ന കരാർ ഉണ്ടെന്ന തോമസ് കെ.തോമസിന്റെ അവകാശവാദത്തെ ചാക്കോ ഉൾപ്പെടെയുള്ളവർ നേരത്തേ നിഷേധിച്ചത് എൻസിപിയിൽ പൊട്ടിത്തെറിക്കു കാരണമായിരുന്നു. പ്രശ്നപരിഹാരത്തിനായി നിയോഗിച്ച നാലംഗ സമിതിയുമായി നടത്തിയ ചർച്ചയിൽ മന്ത്രിസ്ഥാനം ഉറപ്പാക്കിയാൽ പാർട്ടിക്കു വിധേയനാകാമെന്ന് തോമസ് അറിയിച്ചിരുന്നു. ചാക്കോയുമായുള്ള പ്രശ്നങ്ങളും പരിഹരിച്ചു. എന്നാൽ, മന്ത്രിസ്ഥാനത്തു നിന്നു മാറ്റിയാൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്നാണ് ശശീന്ദ്രന്റെ നിലപാടെന്ന് സൂചനയുണ്ട്.
ഇന്നലെ ചേർന്ന ജില്ലാ പ്രസിഡന്റുമാരുടെ അടിയന്തര യോഗത്തിൽ പങ്കെടുത്ത 10 ൽ 9 പ്രസിഡന്റുമാരും തോമസ് കെ.തോമസിന് അവസരം നൽകണമെന്ന നിലപാടെടുത്തു. മന്ത്രിസ്ഥാനം സംബന്ധിച്ച അന്തിമ തീരുമാനവും സമയവും പാർട്ടി ദേശീയ നേതാവ് ശരദ്പവാർ കൈക്കൊള്ളുമെന്ന് ചാക്കോ പറഞ്ഞു.