ADVERTISEMENT

ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ ഡാമിലെ പുതിയ സമഗ്ര പരിശോധന കേരളത്തിനുള്ള സുവർണാവസരമാകും. അതു ലക്ഷ്യത്തിലെത്തിക്കാൻ മുന്നിലുള്ളതു വലിയ കടമ്പകളും. ഇതിനു മുൻപു നടന്ന വിശദമായ സമഗ്ര പരിശോധന സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടേതായിരുന്നു. ഇക്കുറി സ്വതന്ത്ര സമിതിയെ കണ്ടെത്തുന്നതും പരിശോധനയ്ക്കുള്ള പരിഗണനാവിഷയങ്ങൾ തീരുമാനിക്കുന്നതും തമിഴ്നാടാണ്. കേരളം അതിനെ നേരത്തെ എതിർത്തെങ്കിലും ഇക്കാര്യം തത്വത്തിൽ കോടതിയും മേൽനോട്ട സമിതിയും അംഗീകരിച്ചിട്ടുണ്ട്. 

തമിഴ്നാട് തീരുമാനം എടുക്കുമ്പോഴും പുതിയ ഡാം സുരക്ഷ അതോറിറ്റി, മേൽനോട്ട സമിതി എന്നിവയുടെ കൂടി അന്തിമ തീർപ്പും നിരീക്ഷണവും ഉണ്ടാകുമെന്നതിലാണു കേരളത്തിന്റെ പ്രതീക്ഷ. മേൽനോട്ട സമിതിയിൽ ഇന്നലെ ഹാജരായ ജലവകുപ്പ് ഉദ്യോഗസ്ഥർ കേരളത്തിന്റെ ആവശ്യം ശക്തമായി വാദിച്ചതുകൊണ്ടു കൂടിയാണ് ഫലമുണ്ടായതെന്നു വിലയിരുത്തലുണ്ട്. 

ഡാം സുരക്ഷ നിയമ പ്രകാരമുള്ള സമഗ്ര പരിശോധനയാണ് (ജോ ജോസഫ് കേസിൽ) 2022–ൽ സുപ്രീം കോടതി നിർദേശിച്ചിട്ടുള്ളത്. ഡാമുകളുടെ പരിശോധന സംബന്ധിച്ചു കേന്ദ്ര ജല കമ്മിഷന്റെ നടപടിക്രമം തന്നെയാകും ഇതിലും പാലിക്കപ്പെടുക. ഡാം സുരക്ഷ അതോറിറ്റിയിലും മേൽനോട്ട സമിതിയിലും കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കപ്പെടേണ്ടതുണ്ട്.

ജല നിരപ്പ് കുറയ്ക്കുക, ഡാം ബലപ്പെടുത്തുക എന്നിങ്ങനെ സാധ്യതകൾ കഴിഞ്ഞുമാത്രമേ പുതിയ ഡാം എന്ന ആവശ്യം അംഗീകരിക്കപ്പെടൂ. ഇതിലേക്ക് എത്താൻ സ്വതന്ത്ര സമിതിക്ക് വസ്തുതകൾ ബോധ്യപ്പെടുംവിധം കേരളത്തിന് കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയണം. ശാസ്ത്രീയമായി തന്നെ അവ അവതരിപ്പിക്കുകയും വേണം. സ്വതന്ത്ര സമിതി എത്തും മുൻപ് വിദഗ്ധരുടെ സംഘത്തെ ഇതിനായി നിയോഗിക്കണമെന്ന ആവശ്യവും ഉയരുന്നു. 

2012–ലെ പരിശോധനയിൽ നിർദേശിച്ചത്:

മുല്ലപ്പെരിയാർ അണക്കെട്ട് പൂർണമായും സുരക്ഷിതമാണെന്നായിരുന്നു 2012–ൽ ഉന്നതാധികാര സമിതി സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകിയത്. അണക്കെട്ടു സുരക്ഷിതമായിരിക്കുമെന്നാണു സാങ്കേതിക പഠനങ്ങളുടെയും മറ്റു വിവരങ്ങളുടെയും വിശകലനത്തിൽ വ്യക്‌തമാകുന്നതെന്ന് സമിതി എടുത്തു പറഞ്ഞു.

വേണ്ടരീതിയിൽ പരിരക്ഷിച്ചാലും ഭാവിയിൽ ഏതെങ്കിലും സമയത്ത് ആരുടെയും നിയന്ത്രണത്തിൽ നിൽക്കാത്ത കാരണങ്ങളാൽ അണക്കെട്ടിനു ബലക്ഷയമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും നിരീക്ഷിച്ചു. അപ്പോൾ അണക്കെട്ടിനു വർഷങ്ങൾ വേണ്ടിവരുന്ന പുനരുദ്ധാരണമോ ബലപ്പെടുത്തലോ ആവശ്യമായി വരാമെന്ന പരാമർശവുമുണ്ടായി. കേരളത്തിന് ആശ്വാസമാകുന്ന പരാമർശം അതുമാത്രമായിരുന്നു. 

English Summary:

New comprehensive inspection of Mullaperiyar Dam will be golden opportunity for Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com