പി.വി. അൻവറിന്റെ ആരോപണം; ‘മാമി’ കേസ് വീണ്ടും വിവാദവഴിയിൽ
Mail This Article
കോഴിക്കോട് ∙ പി.വി.അൻവർ എംഎൽഎയുടെ ആരോപണത്തോടെ കോഴിക്കോട്ടെ മുഹമ്മദ് ആട്ടൂർ കേസ് വീണ്ടും വിവാദവഴിയിൽ. ഒരു വർഷം മുൻപ് കാണാതായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ എന്ന മാമിയെ കൊലപ്പെടുത്തിയതായിരിക്കാം എന്നായിരുന്നു അൻവറിന്റെ ആരോപണം. എഡിജിപി എം.ആർ.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
2023 ഓഗസ്റ്റ് 21നു കോഴിക്കോട് അരയിടത്തു പാലത്തിനു സമീപത്തെ ഓഫിസിൽനിന്നു വൈകിട്ട് 6 നു മസ്ജിദിലേക്കു പോയതാണ് മാമി. പിന്നീടു തിരിച്ചുവന്നില്ല. പൊലീസ് അന്വേഷണം സംബന്ധിച്ചു തുടക്കം മുതൽ ആരോപണം ഉയരുന്നുണ്ട്. കൈമാറിയ പല പ്രധാനപ്പെട്ട വിവരങ്ങളും അന്വേഷിക്കാൻ പൊലീസ് താൽപര്യം കാണിച്ചില്ലെന്ന് കുടുംബം പറയുന്നു. ഡപ്യൂട്ടി കമ്മിഷണർക്ക് മകൾ അതീവ രഹസ്യമായി നൽകിയ പരാതി ചിലർക്കു ചോർന്നു കിട്ടി.
ആക്‌ഷൻ കമ്മിറ്റിയും കുടുംബവും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടപ്പോൾ കേസ് ക്രൈംബ്രാഞ്ചിനു വിടുന്നതു പരിഗണിക്കാമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ ആദ്യമുണ്ടായിരുന്ന അതേ അംഗങ്ങളെ തന്നെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് എഡിജിപി അജിത്കുമാർ ഉത്തരവിറക്കിയെന്നും സംഘത്തിൽ അധികമായി ഉൾപ്പെടുത്തിയതു മലപ്പുറം എസ്പിയെയും കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് അസി.കമ്മിഷണറെയും മാത്രമെന്നും ആക്‌ഷൻ കമ്മിറ്റി ആരോപിക്കുന്നു. ബാഹ്യ ഇടപെടലുണ്ടെന്നു തുടക്കം മുതലേ സംശയം ഉണ്ടായിരുന്നതായി ആക്‌ഷൻ കമ്മിറ്റി ജനറൽ കൺവീനർ അസ്‍ലം ബക്കർ പറഞ്ഞു. എംഎൽഎയുടെ ആരോപണം പുറത്തു വന്നതോടെ ഡമ്മി പ്രതിയെ പിടികൂടി പൊലീസ് കേസ് തേച്ചുമായ്ച്ചുകളയുമോ എന്നു സംശയമുണ്ടെന്നും അസ്‌ലം പറഞ്ഞു.
മൊഴിമാറ്റാൻ എഡിജിപി ഇടപെട്ടു
അൻവറിന്റെ ആരോപണം ശരിവച്ച് സോളർ കേസിലെ പരാതിക്കാരി
തിരുവനന്തപുരം ∙ സോളർ കേസിലെ മൊഴി തിരുത്തിക്കാൻ എഡിജിപി എം.ആർ.അജിത്കുമാർ ഇടപെട്ടെന്ന പി.വി.അൻവർ എംഎൽഎയുടെ ആരോപണം കേസിലെ പരാതിക്കാരി ശരിവച്ചു. 2012 ൽ അജിത്കുമാറിൽനിന്ന് അതിക്രമം നേരിട്ടു. കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്ത് ഷാജി എന്നൊരാളെ മധ്യസ്ഥനാക്കി അയച്ചു. പേരു വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കാത്ത ഒരാളും അജിത്കുമാറിനു വേണ്ടി ഇടപെട്ടു.
2018 ൽ സോളർ കമ്മിഷൻ റിപ്പോർട്ടിനെത്തുടർന്ന് എസ്ഐടി രൂപീകരിച്ചപ്പോൾ, ആദ്യഘട്ടത്തിൽ നല്ല അന്വേഷണമായിരുന്നു. എന്നാൽ, അജിത്കുമാർ മൊഴി മാറ്റാൻ തുടർച്ചയായി വിളിച്ചശേഷം അന്വേഷണം ഇഴഞ്ഞു. കേസ് സിബിഐക്കു വിടാൻ ആവശ്യപ്പെടണമെന്ന നിർദേശം ആദ്യം വച്ചതു പി.ശശിയാണ്. പൊലീസ് അന്വേഷണത്തിലെ അലംഭാവം ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെടാനാണു നിർദേശിച്ചതെങ്കിലും സംസ്ഥാനത്തിനു പുറത്തും ബന്ധമുള്ളതിനാൽ സിബിഐ അന്വേഷിക്കണമെന്ന പരാതിയാണു താൻ നൽകിയത്.
കേസ് അട്ടിമറിച്ചെന്നു പരാതിപ്പെടാൻ അമ്മയെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചെങ്കിലും കാണാൻ പി.ശശി സമ്മതിച്ചില്ല. പരാതിയിലുള്ള ചില ഐപിഎസ് ഉദ്യോഗസ്ഥരുടെ പേര് ഒഴിവാക്കാൻ ശശി ആവശ്യപ്പെട്ടെന്നും ഇവർ ആരോപിച്ചു.