ഇനി വരുതിയിലാക്കാൻ മുഖ്യമന്ത്രിയുടെ 2 വിശ്വസ്തർ മാത്രം; കരുത്തനായി ഗോവിന്ദൻ
Mail This Article
കണ്ണൂർ ∙ കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു നീക്കിയതോടെ സിപിഎമ്മിനകത്തും കണ്ണൂർ രാഷ്ട്രീയത്തിലും എം.വി.ഗോവിന്ദൻ കൂടുതൽ കരുത്തനാകുന്നു. പി.ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ പോലും ഇടംനേടാനാവാതെ ഒതുക്കപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെ വിശ്വസ്തരായ 2 പേരെയാണ് ഇനി പാർട്ടിയുടെ വരുതിയിലാക്കാനുള്ളത്. പാർട്ടിക്കു പുറത്തുനിന്നു സമ്മർദമുണ്ടാക്കുന്ന പി.വി.അൻവർ എംഎൽഎയെയും അദ്ദേഹം ആരോപണമുനയിൽ നിർത്തിയ പി.ശശിയെയും. പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.കെ.ശശിയെ തരംതാഴ്ത്താനെടുത്ത തീരുമാനവും അച്ചടക്കത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്ന നിലപാടിന്റെ ഭാഗമാണ്.
പൊലീസിലെ പുഴുക്കുത്തുകളെ ഇല്ലായ്മ ചെയ്യുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ ഓഫിസിനു സംഭവിച്ച പുഴുക്കുത്തിനെക്കുറിച്ചു മിണ്ടിയിട്ടില്ല. വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് ഗോവിന്ദൻ പറയുന്നുണ്ടെങ്കിലും പി.ശശി പിണറായിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായതിനാൽ അത് എത്രത്തോളം സാധ്യമാകുമെന്നു കണ്ടറിയണം. മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെ അമ്പെയ്യാൻ പി.വി.അൻവറിനെ പ്രേരിപ്പിക്കുന്ന ഏതെങ്കിലും ശക്തികേന്ദ്രം സിപിഎമ്മിലുണ്ടെങ്കിൽ ആ കേന്ദ്രത്തെ ഒതുക്കേണ്ട ബാധ്യതയും ഗോവിന്ദനു തന്നെ.