‘സൂപ്പർ ഡിജിപി’യായി അജിത്കുമാർ; പൊലീസ് ഭരണം പൂർണമായും കയ്യടക്കി പി.ശശി–അജിത്കുമാർ കൂട്ടുകെട്ട്
Mail This Article
തിരുവനന്തപുരം ∙ കഴിഞ്ഞ 23ന് കണ്ണൂർ എആർ ക്യാംപിൽ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ച പാസിങ് ഔട്ട് പരേഡിൽ എഡിജിപി എം.ആർ.അജിത്കുമാറും വേദിയിലുണ്ടായിരുന്നു. വയനാട് ദുരന്തമുഖത്തു പൊലീസ് നടത്തിയ സേവനത്തെ പ്രകീർത്തിച്ച് പ്രസംഗിച്ച മുഖ്യമന്ത്രി അതിനു നേതൃത്വം കൊടുത്ത അജിത്കുമാറിനെയും പേരെടുത്തുപറഞ്ഞ് അഭിനന്ദിച്ചു.
അതുകഴിഞ്ഞ് തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥ യോഗത്തിലും അജിത്കുമാറിനെ പ്രശംസിക്കാൻ മറന്നില്ല. അതേ എഡിജിപി അജിത്കുമാറിനെ വേദിയിലിരുത്തിയാണ്, അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണത്തിൽ അന്വേഷണവും മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്.
മാധ്യമങ്ങൾ മാത്രമല്ല, പൊലീസിലും സിപിഎമ്മിലും ഒട്ടുമിക്കവരും അജിത്കുമാറിനെക്കുറിച്ച് പറഞ്ഞിരുന്നത് മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്നാണ്. അതു മാത്രമല്ല, പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഫോണിന്റെ മറുതലയ്ക്കൽ എപ്പോഴും എന്തിനും റെഡിയായി അജിത്കുമാർ ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്നു വരുത്താൻ അജിത്കുമാർ നേരത്തെ നടത്തിയ ഒരു നീക്കം മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയിരുന്നു. സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തൽ നടത്തിയതിനു പിന്നാലെ, വിജിലൻസ് ഡയറക്ടറായിരുന്ന അജിത്കുമാറിന്റെ നിർദേശപ്രകാരം പാലക്കാട്ടെ വിജിലൻസ് സംഘം സ്വപ്നയുടെ സുഹൃത്ത് പി.എസ്.സരിത്തിനെ തട്ടിക്കൊണ്ടുപോകുകയും മൊബൈൽ ഫോൺ ബലമായി പിടിച്ചെടുക്കുകയും ചെയ്തതായിരുന്നു അത്. വിവാദമായതോടെ അജിത്കുമാറിനെ മാറ്റി. എഡിജിപി പ്രൊട്ടക്‌ഷൻ ഓഫ് സിവിൽ റൈറ്റ്സ് എന്ന അപ്രധാനമായ തസ്തികയിലായിരുന്നു നിയമനം.
4 മാസം തികയും മുൻപ് സർവശക്തനായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി പൊലീസിൽ രണ്ടാമനായി എത്തി. പിന്നീടങ്ങോട്ട് പി.ശശി–അജിത്കുമാർ കൂട്ടുകെട്ട് പൊലീസ് ഭരണം പൂർണമായും കയ്യടക്കി.
പരിഷ്കാരങ്ങളിൽ പലതിലും ഐപിഎസുകാരും പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും പൊലീസ് അസോസിയേഷനും എതിർപ്പുമായെത്തിയെങ്കിലും ഒന്നും മുകളിലെത്താതെ പൊളിറ്റിക്കൽ സെക്രട്ടറി നോക്കിയെന്നാണ് ആരോപണം.
‘സൂപ്പർ ഡിജിപി’ എന്ന് അജിത്കുമാറിന് പൊലീസിനകത്തും പുറത്തും പേരുവന്നതോടെ ഡിജിപി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ആദ്യം പതുങ്ങി. ഒരു വർഷം കൂടി കാലാവധി നീട്ടിക്കിട്ടിയതോടെ ഷെയ്ഖ് ദർവേഷും പിടിമുറുക്കാൻ തുടങ്ങി. ഒതുങ്ങിനിന്ന മറുപക്ഷവും അദ്ദേഹത്തിനൊപ്പം കൂടി.
എഡിജിപിയെ ശാസിച്ച് മെമ്മോ നൽകാനും അത് സർവീസ് രേഖകളിൽ ഉൾപ്പെടുത്താൻപോലും ഡിജിപി മടിച്ചില്ല. ഒടുവിൽ എസ്പി സുജിത് ദാസിന്റെ ഫോൺസംഭാഷണത്തിൽനിന്നു തിരികൊളുത്തിയ പടക്കം വലിയ ബോംബായി മാറി.