ADVERTISEMENT

തിരുവനന്തപുരം ∙ കടലിൽ നിന്ന് കരയിലേക്ക് അതിവേഗം ആശയവിനിമയം നടത്താൻ ഒരു ലക്ഷം മീൻപിടിത്ത ബോട്ടുകളിൽ എക്സ്പോൻഡറുകൾ സ്ഥാപിച്ചു തുടങ്ങി. മീൻപിടിത്ത തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും സമുദ്രമാർഗമുള്ള നുഴഞ്ഞുകയറ്റം തടയാനുമായാണ് ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ സഹായത്തോടെ കേന്ദ്ര ഫിഷറീസ് മന്ത്രാലയം ബോട്ടുകളിൽ മൊബൈൽ സാറ്റലൈറ്റ് സർവീസ് (എംഎസ്എസ്) ടെർമിനലുകൾ (എക്സ്പോൻഡർ) സ്ഥാപിക്കുന്നത്. കേരളം ഉൾപ്പെടെ 9 തീരദേശ സംസ്ഥാനങ്ങളിലെയും 4 കേന്ദ്രഭരണ പ്രദേശങ്ങളിലെയും ബോട്ടുകളിൽ ഇവ സ്ഥാപിക്കും.

കരയിലേക്കൊരു ഉപഗ്രഹദൂരം

ഐഎസ്ആർഒയുടെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ (എസ്എസി) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എംഎസ്എസ് സാങ്കേതിക വിദ്യയിൽ ബോട്ടിൽ സ്ഥാപിക്കുന്ന എക്സ്പോ‍ൻ‍ഡറും മൊബൈൽ ആപ്പുമുണ്ട്. ബ്ലൂടൂത്ത്, വൈഫൈ വഴി ഫോണും എക്സ്പോ‍ഡറുമായി ബന്ധിപ്പിക്കാം. പ്രാദേശിക ഭാഷകളും ആപ്പിൽ ലഭിക്കും. അടിയന്തര സഹായത്തിന് എസ്ഒഎസ് അലർട്ട്, ഏറ്റവും പുതിയ കാലാവസ്ഥാ അറിയിപ്പ്, മീൻ ലഭ്യത കൂടിയ പ്രദേശങ്ങൾ, തുറമുഖവുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങിയവ ആപ്പിലൂടെ ലഭിക്കും. കടലിൽ നിന്നു വിവരങ്ങൾ കരയിലേക്കും അറിയിക്കാം. ഇവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കരയിൽ ഹബ് സ്റ്റേഷൻ ഉണ്ടാകും.

ബോട്ടുകളുടെ കേന്ദ്രീകൃത നിരീക്ഷണ സംവിധാനം, സ്ഥാനം കണ്ടെത്തൽ, സന്ദേശം അയയ്ക്കൽ, വിവരശേഖരണം, ബോട്ട് സർവേ, ലൈസൻസുമായി ബന്ധപ്പെട്ടവ എന്നിവയ്ക്കും ആപ്പ് ഉപയോഗിക്കാം. സമുദ്രാതിർത്തിയിൽ മീൻപിടിത്ത തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും കടൽ മാർഗമുള്ള കടന്നുകയറ്റ ശ്രമങ്ങൾ കണ്ടെത്താനും ഈ സംവിധാനം ഉപകരിക്കും. 

ഇന്ത്യൻ കമ്പനികളായ സാംഖ്യ ലാബ്സ്, അവാന്റൽ, അക്കോർഡ് സോഫ്റ്റ്‌വെയർ ആൻഡ് സിസ്റ്റംസ് എന്നിവയാണ് എക്സ്പോൻഡർ സ്ഥാപിക്കുന്നത്. നിലവിൽ ജിസാറ്റ് – 6 ഉപഗ്രഹവും ഭാവിയിൽ ജിസാറ്റ് എൻ3 ഉപഗ്രഹവും എക്സ്പോൻഡറുമായുള്ള ആശയവിനിമയത്തിനു സഹായിക്കും. 

English Summary:

Exponder system in one lakh boats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com