റോഡിൽ ‘ലോങ്ജംപ്’ മത്സരം; വേറിട്ട സമരവുമായി എഐവൈഎഫ്
Mail This Article
മൂന്നാർ ∙ നിർമാണം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ റോഡുകൾ തകർന്നതിൽ പ്രതിഷേധിച്ച് എഐവൈഎഫ് മൂന്നാറിൽ റോഡിൽ ‘ലോങ്ജംപ്’ മത്സരം നടത്തി. മൂന്നാർ - സൈലന്റ്‌വാലി, മൂന്നാർ - ലക്ഷ്മി -വിരിപ്പാറ റോഡുകളിലെ കുഴികളിലാണു പ്രതീകാത്മക ലോങ്ജംപ് മത്സരം നടത്തിയത്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആശാ ആന്റണി മത്സരം ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.പളനിവേൽ, മണ്ഡലം സെക്രട്ടറി ടി.ചന്ദ്രപാൽ, ജി.മോഹൻകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഒരേ കരാറുകാരൻ തന്നെയാണു രണ്ടു റോഡുകളും പുനർനിർമിച്ച് ടാറിങ് നടത്തിയത്. എന്നാൽ കോടികൾ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ റോഡുകൾ രണ്ടു മാസത്തിനുള്ളിൽ പൂർണമായി തകർന്നു കുഴികൾ രൂപപ്പെടുകയായിരുന്നു. ഇതിനെതിരെ സിപിഐയുടെ നേതൃത്വത്തിൽ ഒട്ടേറെ സമരങ്ങൾ നടത്തിയിരുന്നു.