ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി 3 ദിവസത്തിനകം ആലപ്പുഴ സിപിഎമ്മിൽ കൂട്ടരാജി
Mail This Article
ആലപ്പുഴ ∙ ജില്ലയിൽ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി 3 ദിവസത്തിനകം പാർട്ടിയെ അങ്കലാപ്പിലാക്കി എൺപതിലേറെപ്പേരുടെ കൂട്ടരാജി. അരൂക്കുറ്റി വടുതല ലോക്കൽ കമ്മിറ്റി പരിധിയിൽ 47 അംഗങ്ങളും ഹരിപ്പാട് കുമാരപുരം തെക്ക് ലോക്കൽ കമ്മിറ്റി പരിധിയിൽ 36 പേരുമാണു പാർട്ടി വിട്ടത്. രണ്ടിടത്തും കൂടുതൽപേർ രാജിക്കൊരുങ്ങി നിൽക്കുന്നു. മുതിർന്ന നേതാക്കളുടെ അനുനയ ശ്രമങ്ങൾ ഫലം കണ്ടിട്ടില്ല.
പ്രാദേശിക പ്രശ്നങ്ങൾ മുൻനിർത്തിയാണു രാജിയെന്നു പുറത്തു പറയുമ്പോഴും മിക്ക സമ്മേളനങ്ങളിലും സംസ്ഥാന സർക്കാരിനും സിപിഎം നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ് ഏറ്റവുമധികം വിമർശിക്കപ്പെടുന്നത്. ആലപ്പുഴയിൽ കഴിഞ്ഞ സമ്മേളന കാലത്ത് ആളിക്കത്തിയ വിഭാഗീയത അവസാനിപ്പിക്കാൻ കർശന നടപടി കൈക്കൊണ്ട് അധികം വൈകാതെയാണു ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ വീണ്ടും പ്രശ്നങ്ങൾ തലപൊക്കുന്നത്.
കുമാരപുരത്ത് മന്ത്രി സജി ചെറിയാനും ജില്ലാ സെക്രട്ടറി ആർ.നാസറും ലോക്കൽ കമ്മിറ്റി യോഗം വിളിച്ചെങ്കിലും പ്രതിഷേധക്കാർ പങ്കെടുത്തതു പോലുമില്ല.
വടുതല ലോക്കൽ കമ്മിറ്റിയിൽ നിന്ന് ആദ്യം 4 അംഗങ്ങളും പിന്നാലെ 12 ബ്രാഞ്ചുകളിൽ നിന്നായി 47 അംഗങ്ങളുമാണു പാർട്ടി വിട്ടത്. സമ്മേളനങ്ങൾ തുടങ്ങുന്നതിനു മുൻപേ കായംകുളം പുള്ളിക്കണക്കിൽ 12 പേർ രാജിവച്ചിരുന്നു. സമ്മേളന കാലത്തു സംഘടനാ നടപടി പാടില്ലെന്ന രീതി ലംഘിച്ച്, നേരത്തെ മരവിപ്പിച്ച നടപടി ഇപ്പോൾ പൊടിതട്ടിയെടുത്തതാണു പുള്ളിക്കണക്കിൽ പ്രതിഷേധത്തിന് ഇടയാക്കിയത്.