ADVERTISEMENT

മലപ്പുറം ∙ പി.വി.അൻവർ എംഎൽഎയുടെ തുറന്നുപറച്ചിലുകളിൽ ചോദ്യമുനയിലാകുന്നത് സിപിഎമ്മിന്റെ ‘സ്വതന്ത്രപരീക്ഷണങ്ങളും.’  മലബാറിൽ യുഡിഎഫിന്റെ കുത്തക സീറ്റുകൾ പിടിച്ചെടുക്കാൻ ഏറെക്കാലമായി സിപിഎം ‘സ്വതന്ത്രരെ’ ഉപയോഗിച്ചു പയറ്റുന്ന തന്ത്രങ്ങൾക്കുമേൽ ചോദ്യങ്ങൾ ഉയരുകയാണ്. 

മുഖ്യമന്ത്രിയുമായി നേരിട്ടുള്ള ആശയ വിനിമയത്തിന്റെ കണ്ണിമുറിഞ്ഞത്, ഭരണസംവിധാനങ്ങളിൽനിന്ന് ആഗ്രഹിക്കുന്ന പരിഗണനയില്ലെന്ന തോന്നൽ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റു ലഭിക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം, അനിശ്ചിതത്വം തുടങ്ങി പല കാരണങ്ങൾ അൻവർ ഉൾപ്പെടെ മലബാറിലെ സിപിഎം സ്വതന്ത്രരുടെ തുറന്നു പറച്ചിലിനു പിന്നിലുണ്ട്. ദേശീയ തലത്തിൽ കോൺഗ്രസ് കരുത്താർജിച്ചതും രണ്ടാം പിണറായി സർക്കാരിനോടു ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലുള്ള അതൃപ്തിയും മലബാറിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തിൽ ഇതു വ്യക്തമാണ്. മാറ്റങ്ങൾ വിലയിരുത്തി,

 ഭാവി മുൻകൂട്ടിക്കണ്ട് ഒരു മുഴം മുൻപേയുള്ള ഏറായി പുതിയ നീക്കങ്ങളെ കാണുന്നവരുണ്ട്. ലീഗ്, കോൺഗ്രസ് ബന്ധമുപേക്ഷിച്ച് സിപിഎം പാളയത്തിലെത്തിയ ചിലരെങ്കിലും മടങ്ങിപ്പോകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തിൽ ഇതു വ്യക്തമാണ്.

ചോദ്യങ്ങൾ ഒട്ടേറെയാണ്: സീറ്റ് പിടിച്ചെടുക്കുക എന്നതുമാത്രമാണോ സ്വതന്ത്രരെ മുന്നിൽനിർത്തുന്നതുകൊണ്ടുള്ള നേട്ടം? മലപ്പുറംപോലുള്ള മേഖലകളിൽ ശക്തിനേടാനുള്ള ശ്രമത്തിൽ പാർട്ടി നേതൃത്വവുമായി നേരിൽ ബന്ധപ്പെടാനുള്ള ‘്സ്വാതന്ത്ര്യം’ കൊടുത്തതു വിനയായോ? പ്രാദേശികനേതൃത്വം നോക്കുകുത്തിയായോ?  പാർട്ടി എംഎൽഎമാർക്കു നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു രണ്ടു ടേം നിബന്ധന കർശനമാക്കിയപ്പോൾ സ്വതന്ത്രരെ അതിൽ നിന്നൊഴിവാക്കിയിരുന്നു.

സ്വതന്ത്രർ പാർട്ടി തീരുമാനങ്ങൾക്ക് അതീതരാണോ? 3 തവണ  ജയിച്ച സ്വതന്ത്രരെ മാറ്റണമെന്ന ആവശ്യം പാർട്ടിക്കുള്ളിലുയരുന്നുണ്ട്. മലബാറിലെ ഇടതുസ്വതന്ത്രരെ ഒറ്റ രാഷ്ട്രീയ പ്ലാറ്റ്ഫോമിൽ അണിനിരത്താനുള്ള ശ്രമം പാർട്ടിക്കു പുറത്തു നേരത്തെയുണ്ടായെങ്കിലും അതു മുന്നോട്ടുപോയില്ല. അൻവറിന്റെ തുറന്നുപറച്ചിലും അതിനു ജലീലും കാരാട്ട് റസാഖും നൽകുന്ന പിന്തുണയും പക്ഷേ അത്തരമൊരു പ്ലാറ്റ്ഫോമിന്റെ പുതിയരൂപമായി മാറുമോയെന്ന ചോദ്യവുമുണ്ട്. 

യുഡിഎഫ് കോട്ടകൾ പിടിച്ചെടുക്കുന്നതിന് എതിർ ചേരിയിലെ പ്രമുഖരെ സ്വതന്ത്രരായി അവതരിപ്പിക്കുന്ന തന്ത്രം സിപിഎം തൊള്ളായിരത്തി എൺപതുകളിലാണു മലബാറിൽ വ്യാപകമായി പയറ്റിത്തുടങ്ങിയത്. മുൻ മലപ്പുറം ഡിസിസി പ്രസിഡന്റ് ടി.കെ.ഹംസയെ 1982ൽ നിലമ്പൂരിൽ മത്സരിപ്പിച്ചത് ഉദാഹരണം. ഹംസ പിന്നീട് മന്ത്രിയും ചീഫ് വിപ്പും പാർട്ടി സംസ്ഥാന സമിതിയംഗവുമായി. 

പിന്നീട് വന്നവർ പക്ഷേ, പല തിരഞ്ഞെടുപ്പുകൾ ജയിച്ചിട്ടും സ്വതന്ത്ര വേഷത്തിൽത്തന്നെ തുടരാൻ താൽപര്യപ്പെട്ടു. പി.ടി.എ.റഹീം, മഞ്ഞളാംകുഴി അലി, കെ.ടി.ജലീൽ, കാരാട്ട് റസാഖ്, പി.വി.അൻവർ, വി.അബ്ദുറഹിമാൻ തുടങ്ങി സിപിഎമ്മിന്റെ സ്വതന്ത്ര പരീക്ഷണങ്ങൾ പലതും വിജയം കണ്ടു. സ്വതന്ത്രരെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം സീറ്റ് പിടിച്ചെടുക്കുകയെന്നതു മാത്രമായതിന്റെ പാർശ്വഫലമാണ് ഇപ്പോൾ കാണുന്നതെന്ന വിമർശനം പാർട്ടിയിൽ ഉയരുന്നു. 

സമസ്തയുമായി നേരിട്ടു ബന്ധം സ്ഥാപിച്ചു ലീഗിനെ ദുർബലമാക്കാമെന്ന സിപിഎം മോഹം അസ്ഥാനത്താണെന്നു ലോക്സഭാ തിരഞ്ഞെടുപ്പു ഫലം തെളിയിച്ചു. സിപിഎമ്മിനെ പിന്തുണച്ചുകൊണ്ടിരുന്ന മറ്റുചില ന്യൂനപക്ഷ വിഭാഗങ്ങൾ ഇപ്പോൾ യുഡിഎഫിനോടും മുസ്‌ലിം ലീഗിനോടും പണ്ടത്തേപ്പോലെ അകന്നുനിൽക്കുന്നില്ല. 

ഇതൊന്നും പ്രത്യക്ഷത്തിൽ പാർട്ടിക്കു ക്ഷീണമാകുന്നില്ലെങ്കിലും സ്വതന്ത്രൻമാർക്കു പുതിയ  ദിശാബോധം കിട്ടിയെന്നു കരുതുന്നവരേറെ. അവർ പാർട്ടി വരച്ചവരയ്ക്കപ്പുറം കടക്കുന്നതോടെ മലബാറിലെ ചില മേഖലകളിലെങ്കിലും സിപിഎമ്മിനു മുന്നിലുള്ളതു  പ്രതിസന്ധിതന്നെയാണ്.

English Summary:

Failure of independent candidate experiment debated in CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com