ഭക്ഷ്യക്കിറ്റിൽ മോശം വെളിച്ചെണ്ണ; ഉൽപാദകന് 7 ലക്ഷം പിഴ
Mail This Article
തൊടുപുഴ ∙ ആദിവാസികൾക്കു ജൂണിൽ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലെ വെളിച്ചെണ്ണയ്ക്കു ഗുണനിലവാരമില്ലെന്നു കണ്ടെത്തിയതോടെ ഉൽപാദകന് 7 ലക്ഷം രൂപ പിഴ ചുമത്തി. തൊടുപുഴ ഇടവെട്ടി സ്റ്റാർ ഫുഡ്സ് ഉടമ ചെറുതോണി പേട്ടയിൽ പി.എ.ഷിജാസിനാണു പിഴശിക്ഷ. ഉപയോഗയോഗ്യമല്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തത് ‘മനോരമ’യാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.
ഇടുക്കിയിലെ വെള്ളിയാമറ്റം പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലെ വെളിച്ചെണ്ണ ഉപയോഗിച്ചവർക്കു ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. തുടർന്നു സംയോജിത പട്ടികവർഗ വികസന പ്രോജക്ട് (ഐടിഡിപി) ഓഫിസറുടെ പരാതിയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു. കാക്കനാട്ടുള്ള റീജനൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ‘കേരശക്തി’ എന്ന വെളിച്ചെണ്ണയ്ക്കു ഗുണനിലവാരമില്ലെന്നു കണ്ടെത്തി. വെളിച്ചെണ്ണ ഉൽപാദിപ്പിച്ച കമ്പനിയുടെ റജിസ്ട്രേഷനു നൽകിയത് വ്യാജവിവരങ്ങളാണെന്നും മത്സ്യോൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള ലൈസൻസ് ഉപയോഗിച്ചാണു വെളിച്ചെണ്ണ ഉൽപാദിപ്പിച്ചതെന്നും തെളിഞ്ഞു.
തമിഴ്നാട്ടിൽ നിർമിച്ചു കേരളത്തിൽ പായ്ക്ക് ചെയ്തു വിതരണം ചെയ്തതിനാലാണു ഗുണനിലവാരമില്ലാതായതെന്നാണ് ഉടമ നൽകിയ വിശദീകരണം. പട്ടികവർഗവകുപ്പിനായി തിരുവനന്തപുരത്തെ എസ്‌സി, എസ്ടി ഫെഡറേഷനാണു ഭക്ഷ്യക്കിറ്റ് ടെൻഡറെടുത്തു വിതരണം ചെയ്തത്.