ഹിൽ സ്റ്റേഷനുകൾക്ക് ഉൾക്കൊള്ളാവുന്നവരുടെ കണക്ക് വേണം: കോടതി
Mail This Article
കൊച്ചി∙ സംസ്ഥാനത്തു വയനാട് ഉൾപ്പെടെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഹിൽ സ്റ്റേഷനുകൾക്ക് എത്ര പേരെ ഉൾക്കൊള്ളാനാകുമെന്ന് അറിയിക്കണമെന്നു ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. ടൂറിസ്റ്റുകളുടെ എണ്ണം, റിസോർട്ടുകൾ, അടിസ്ഥാന സൗകര്യം, ടൂറിസ്റ്റ് സീസണിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയവ അറിയിക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
വിവരങ്ങൾ മൂന്നാഴ്ചയ്ക്കുള്ളിൽ നൽകാൻ ഹിൽ സ്റ്റേഷനുകളുള്ള ജില്ലകളിലെ കലക്ടർമാർക്ക് സർക്കാർ നിർദേശം നൽകണമെന്നു കോടതി നിർദേശിച്ചു. ഹിൽ സ്റ്റേഷനുകളെ പഴയ പ്രതാപത്തിലേക്കു കൊണ്ടുവരണം. എന്നാൽ അമിത തിരക്ക് ഹിൽ സ്റ്റേഷനുകളെ തകർക്കും. ഇതിന്റെ ആഘാതം പ്രദേശവാസികളെ ആയിരിക്കും ബാധിക്കുക എന്നും കോടതി ചൂണ്ടിക്കാട്ടി. വയനാട് ദുരന്തത്തെ തുടർന്നു സ്വമേധയായെടുത്ത ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
വയനാട് തുരങ്കപാതയുടെ നിർമാണം തുടങ്ങുന്നതിനു മുൻപ് കോടതിയെ അറിയിക്കണം. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതയുമായി ബന്ധപ്പെട്ട വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികരണം. ദുരന്തത്തെ തുടർന്നു കുട്ടികൾ ഉൾപ്പെടെയുള്ളവരിൽ ഉണ്ടായ മാനസികാഘാതം കുറയ്ക്കാനായി സംസ്ഥാന ബാലാവകാശ കമ്മിഷന്റെ കീഴിലുള്ള ബാലക്ഷേമ സമിതി, സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി, ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾ എന്നിവ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വയനാട് ദുരന്തത്തിനു മുൻപുണ്ടായ വീഴ്ചകൾ സംബന്ധിച്ചു നൽകിയ റിപ്പോർട്ടിൽ ദേശീയ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികൾ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവയോടു റിപ്പോർട്ട് നൽകാനും നിർദേശിച്ചു.
എല്ലാവരെയും വീടുകളിലേക്കു മാറ്റി
ദുരന്ത ബാധിതർ ആരും ക്യാംപിൽ കഴിയുന്നില്ലെന്നും എല്ലാവരെയും വാടക വീടുകളിലേക്കും ക്വാർട്ടേഴ്സുകളിലേക്കും മാറ്റിയെന്നും അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു. ദുരന്തബാധിത മേഖലയിലുളളവരുടെ ബാങ്ക് വായ്പയ്ക്കു മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലടക്കം വിശദീകരണത്തിന് അഡീഷനൽ സോളിസിറ്റർ ജനറൽ എആർ.എൽ.സുന്ദരേശൻ ആറാഴ്ച സമയം തേടി. വായ്പകളുടെ മൊറട്ടോറിയം അടക്കമുള്ള കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി.
കണ്ടെത്താനാകാത്തവർ മരിച്ചതായി കണക്കാക്കുന്നതിന് ഏഴ് വർഷം കഴിയണം എന്നതിൽ ഇളവ് അനുവദിക്കുന്ന കാര്യവും സർക്കാർ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തിൽ സർക്കാരിനോട് തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചു. ഓരോ വകുപ്പുകൾക്കും ദുരന്ത നിവാരണ പ്ലാൻ ആവശ്യമാണെന്ന് അമിക്കസ് ക്യൂറി രഞ്ജിത് തമ്പാൻ ചൂണ്ടിക്കാട്ടി. സ്കൂളുകൾ ദുരിതാശ്വാസ ക്യാംപുകളായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിർദേശവും മുന്നോട്ടുവച്ചു.