‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ വ്യാജരേഖ ചമയ്ക്കൽ കുറ്റവും
Mail This Article
കൊച്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്നു വടകര മണ്ഡലത്തിൽ വിവാദമായ ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതു സംബന്ധിച്ചുള്ള കേസിൽ വ്യാജരേഖ ചമയ്ക്കൽ കുറ്റം ഉൾപ്പെടുത്തിയെന്നു പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. ഇക്കാര്യം ഉൾപ്പെടുത്തണമെന്ന ഹർജിക്കാരന്റെ ആവശ്യം അന്വേഷണ ഉദ്യോഗസ്ഥൻ പരിഗണിക്കണമെന്നു ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.
വ്യാജ സ്ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്നും കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം നൽകിയ ഹർജിയാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്. ഹർജി 9ന് വീണ്ടും പരിഗണിക്കും.
അതേസമയം, വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതായി കാട്ടി മുഹമ്മദ് കാസിം ആദ്യംതന്നെ പൊലീസിനു പരാതി നൽകിയിട്ടും വാദിയായി കാണിച്ചിട്ടില്ലെന്നു ഹർജിക്കാരന്റെ അഭിഭാഷകൻ മുഹമ്മദ് ഷാ ചൂണ്ടിക്കാട്ടി. ഇത് എന്തുകൊണ്ടാണെന്ന് അറിയിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി.