‘സിപിഎം എന്നെ ഒതുക്കാൻ ശ്രമിച്ചു’: ആനി രാജ; സ്ത്രീവിഷയങ്ങളിൽ സിപിഎം, സിപിഐ നിലപാടുകൾക്കു വിമർശനം
Mail This Article
ന്യൂഡൽഹി ∙ ബംഗാളിലെ ഇടതുഭരണത്തിൽ സിംഗൂർ – നന്ദിഗ്രാം പ്രശ്നകാലത്തുണ്ടായ സ്ത്രീപീഡനങ്ങൾ ചോദ്യം ചെയ്തതിന് തന്നെ ഒതുക്കാൻ സിപിഎം ശ്രമിച്ചെന്ന് സിപിഐ ദേശീയ സെക്രട്ടറി ആനി രാജ വെളിപ്പെടുത്തി. സ്ത്രീവിഷയങ്ങളിൽ സിപിഎമ്മും സിപിഐയും സ്വീകരിച്ചിട്ടുള്ള നിലപാടുകളെ മലയാള മനോരമ വാർഷികപ്പതിപ്പിലെ അഭിമുഖത്തിൽ ആനി വിമർശിച്ചു.
ആനി രാജ ജനറൽ സെക്രട്ടറിയായ ദേശീയ മഹിളാ ഫെഡറേഷൻ സിംഗൂർ – നന്ദിഗ്രാം സമരകാലത്തു സ്ത്രീകൾ നേരിട്ട പ്രശ്നങ്ങൾ പഠിക്കാൻ സംഘത്തെ അയച്ചിരുന്നു. സമരമേഖലയിൽ കണ്ടതൊക്കെ പുറത്തുപറയാൻ സംഘത്തിനു സൗകര്യമൊരുക്കിയതിന് ആനി ഇടതുവിരുദ്ധ ശക്തികളുടെ ഭാഗത്താണെന്ന് സിപിഎം ആരോപിച്ചു.
പാലക്കാട്ടെ കോക്കകോള വിരുദ്ധ സമരനായിക മയിലമ്മയുടെ നിര്യാണത്തിൽ അനുശോചിക്കാൻ ചേർന്ന യോഗത്തിൽ മേധ പട്കറെ പ്രസംഗിപ്പിച്ച ആനിയുടെ നടപടിയും സിപിഎമ്മിനെ ചൊടിപ്പിച്ചു. കാരണം, സിംഗൂർ– നന്ദിഗ്രാം വിഷയത്തിൽ മേധ ബംഗാൾ സർക്കാരിനെതിരായിരുന്നു.
സിപിഎമ്മിന്റെ ഇടപെടലിനെക്കുറിച്ച് ആനി പറയുന്നു: ‘എന്നെ സ്വാധീനിക്കാൻ സിപിഎം നേതാക്കൾ ആലോചിച്ച്, എന്റെ ഭർത്താവു വഴി എന്നെ തിരുത്തണമെന്നു തീരുമാനിച്ചു. ഭർത്താവ് അങ്ങനെ തിരുത്താൻ വന്നില്ല. എന്നാൽ, തീരുമാനം എന്താണെന്നു സൂചിപ്പിച്ചു. ഞാൻ വർക്ക് തുടർന്നു. അവസാനം സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സഖാവ് ബർദന് (സിപിഐയുടെ അന്നത്തെ ജനറൽ സെക്രട്ടറി എ.ബി.ബർദൻ) കത്തെഴുതി, ഞാൻ ഇടതുവിരുദ്ധ ശക്തികളുടെ കൂടെയാണെന്ന്.
പാർട്ടി സെക്രട്ടേറിയറ്റ് എന്നെ വിളിച്ചുവരുത്തി. സിംഗൂർ– നന്ദിഗ്രാമിൽ എന്തു സ്ത്രീകളുടെ പ്രശ്നമെന്നു ചോദിച്ചു. തുടരെത്തുടരെ ചോദ്യങ്ങൾ. അവസാനം ഞാൻ സഖാവ് ബർദനോടു ചോദിച്ചു: ഗുജറാത്ത് കലാപത്തിൽ ഒരുപാട് ബലാൽസംഗങ്ങൾ ഉണ്ടായി. അതിനെ പാർട്ടി അംഗീകരിക്കുന്നുണ്ടോ? അതിനെ എങ്ങനെ അംഗീകരിക്കുമെന്ന് ബർദൻ സഖാവ്.
അപ്പോൾ, ഇതു പാർട്ടി ലൈനല്ലേ എന്നു ഞാൻ ചോദിച്ചു. അതേ, ഇതാണ് പാർട്ടി ലൈൻ എന്നു മറുപടി. ഞങ്ങൾ ആ പാർട്ടി ലൈൻ അംഗീകരിക്കുക മാത്രമാണു ചെയ്തതെന്നു ഞാൻ പറഞ്ഞു; ബലാൽസംഗം ഗുജറാത്തിലായാലും ബംഗാളിലായാലും ബലാൽസംഗം തന്നെയാണെന്നും.’
മലയാള മനോരമ വാർഷികപ്പതിപ്പിന്റെ കോപ്പികൾക്കായി മനോരമ
ഏജന്റുമായോ തൊട്ടടുത്തുള്ള ബുക്ക് ഷോപ്പുമായോ ബന്ധപ്പെടുക.
കോപ്പികൾക്കായി വിളിക്കാം +918281765432
https://subscribe.manoramaonline.com/content/subscription/bookorderdetails.bookscd.ONAM2024.html