ആർഎസ്എസ് – എഡിജിപി കൂടിക്കാഴ്ച തള്ളാതെ ഗോവിന്ദൻ
Mail This Article
തിരുവനന്തപുരം ∙ എഡിജിപി എം.ആർ.അജിത്കുമാർ ആർഎസ്എസ് ദേശീയ നേതാവുമായി തൃശൂരിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണം പൂർണമായും തള്ളിക്കളയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
മുഖ്യമന്ത്രിക്കു വേണ്ടിയാണ് ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതെന്ന ആരോപണം അസംബന്ധവും കള്ളപ്രചാരവേലയുമാണെന്നു പറഞ്ഞ ഗോവിന്ദൻ, പക്ഷേ അത്തരമൊരു കൂടിക്കാഴ്ച നടന്നോ എന്ന് അറിയില്ലെന്നു പറഞ്ഞൊഴിഞ്ഞു. ഗവർണർ ആർഎസ്എസ് നേതാക്കളെ കാണുന്നുണ്ടല്ലോയെന്നും അദ്ദേഹം വാദിച്ചു. അതേസമയം, തൃശൂർ പൂരം കലക്കാൻ എഡിജിപി ഇടപെട്ടെന്ന ആരോപണം പരിശോധിക്കുമെന്നു വ്യക്തമാക്കി.
‘തൃശൂരിൽ ആർഎസ്എസുമായി ബന്ധം ഉണ്ടാക്കിയത് കോൺഗ്രസുകാരാണ്. കോൺഗ്രസിന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ 86,000 വോട്ടാണ് കുറഞ്ഞത്. എൽഡിഎഫ് പക്ഷേ 16,000 ൽ ഏറെ വോട്ട് കൂടുതൽ നേടി. ഈ കള്ളക്കളി മറച്ചുവയ്ക്കാനാണ് പ്രതിപക്ഷ നേതാവ് കഥയുമായി ഇറങ്ങിയിരിക്കുന്നത്.’– ഗോവിന്ദൻ പറഞ്ഞു.