വയനാട് കലക്ടറുടെ ചേംബറിലെ ആനക്കൊമ്പുകൾ സംരക്ഷിക്കും
Mail This Article
കൽപറ്റ∙ വയനാട് കലക്ടറുടെ ചേംബറിലെ ആനക്കൊമ്പുകൾ വന്യജീവി സംരക്ഷണത്തിന്റെയും വനസമ്പത്തിന്റെയും പ്രതീകമാണെന്നും തുടർന്നും ചേംബറിൽത്തന്നെ സംരക്ഷിക്കണമെന്നും വയനാട് കലക്ടർ ഡി.ആർ.മേഘശ്രീ. കലക്ടറുടെ ചേംബറിൽ ആനക്കൊമ്പുകൾ പ്രദർശിപ്പിക്കുന്നതിനെതിരെ ലഭിച്ച പരാതി മനുഷ്യാവകാശ കമ്മിഷൻ പരിഗണിക്കവെയാണ് കലക്ടറുടെ അഭ്യർഥന. 1990 ഡിസംബർ 21ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വയനാടിന് അനുവദിച്ച ആനക്കൊമ്പുകളാണ് പ്രദർശിപ്പിച്ചതെന്ന കലക്ടറുടെ വാദം അംഗീകരിച്ചുകൊണ്ടു പരാതി ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് തള്ളുകയും ചെയ്തു.
ചേംബറിലെ ആനക്കൊമ്പുകൾക്ക് വനംവകുപ്പിന്റെ ഓണർഷിപ് സർട്ടിഫിക്കറ്റ് ഉണ്ടെന്നു കലക്ടർ വ്യക്തമാക്കി. ചേംബറിൽ ആനക്കൊമ്പ് സ്ഥാപിച്ചിട്ട് 30 വർഷമായി. ആനക്കൊമ്പ് പ്രദർശിപ്പിച്ചതിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് ആരും വന്യജീവികളെ ഉപദ്രവിച്ചതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും റിപ്പോർട്ട് നൽകി.
ആനക്കൊമ്പ് പ്രദർശനത്തിന് എതിരെ പരാതി മുൻപും
വയനാട് കലക്ടറുടെ ചേംബറിലെ ആനക്കൊമ്പ് പ്രദർശനത്തിനെതിരെ പരിസ്ഥിതിവാദികളടക്കമുള്ളവർ പലതവണ രംഗത്തുവന്നിട്ടുണ്ട്. രേണുരാജ് കലക്ടറായിരിക്കെ നടന്ന യാത്രയയപ്പു ചടങ്ങിൽ ഈ ആനക്കൊമ്പുകൾക്കു മുന്നിൽ കലക്ടർ നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായപ്പോഴാണ് ഏറ്റവുമൊടുവിൽ ആനക്കൊമ്പുകൾ വീണ്ടും വിവാദമായത്.
1989ൽ അന്നത്തെ കലക്ടർ മൈക്കിൾ വേദശിരോമണിയെ ആക്രമിച്ച കാട്ടാനയുടെ കൊമ്പുകളാണു പിന്നീട് വയനാട് കലക്ടറുടെ ചേംബറിലേക്കു മാറ്റിയത്. ഈ ആന മറ്റൊരാനയുമായി ഏറ്റുമുട്ടി വനത്തിനുള്ളിൽ ചെരിഞ്ഞപ്പോൾ കൊമ്പുകൾ വനംവകുപ്പ് ഏറ്റെടുത്ത് കലക്ടറേറ്റിലേക്കു നൽകുകയായിരുന്നു.