ഭൂമി തരംമാറ്റം: വീണ്ടും അദാലത്തുകൾ; തീർപ്പാക്കാനുള്ളത് 2,83,097 അപേക്ഷകൾ
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ വിവിധ റവന്യു ഡിവിഷനൽ ഓഫിസുകളിലും ഡപ്യൂട്ടി കലക്ടർ ഓഫിസുകളിലും കെട്ടിക്കിടക്കുന്ന 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റ അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കാൻ വീണ്ടും അദാലത്തുകൾ സംഘടിപ്പിക്കാൻ റവന്യു വകുപ്പ് തീരുമാനിച്ചു. ജനുവരിയിൽ അദാലത്തുകൾ നടത്തി ഒട്ടേറെ അപേക്ഷകൾ തീർപ്പാക്കിയിട്ടും അനുദിനം അപേക്ഷകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും അദാലത്തിലേക്കു നീങ്ങുന്നത്.
മന്ത്രി കെ.രാജന്റെ മേൽനോട്ടത്തിൽ ജില്ലാ കലക്ടർമാരായിരിക്കും അദാലത്തുകൾ സംഘടിപ്പിക്കുക. ഓരോ താലൂക്കിന്റെയും പരിധിയിൽ വരുന്ന അപേക്ഷകൾ നിശ്ചിത ദിവസങ്ങളിലെ അദാലത്തിൽ പരിഗണിക്കും. എറണാകുളത്തു നടന്ന ജില്ലാ കലക്ടർമാരുടെ യോഗത്തിലാണു തീരുമാനം. നിലവിൽ 2,83,097 അപേക്ഷകളാണ് തീർപ്പാക്കാനുള്ളത്.
തരംമാറ്റ അപേക്ഷകളുടെ ഗണ്യമായ വർധന കണക്കിലെടുത്താണ് 27 ആർഡിഒമാർക്ക് ഉണ്ടായിരുന്ന തരംമാറ്റത്തിനുള്ള അധികാരം ഡപ്യൂട്ടി കലക്ടർമാർക്കു കൂടി നൽകിയത്. 71 ഓഫിസുകളിൽ തരംമാറ്റ അപേക്ഷകൾ കൈകാര്യം ചെയ്തിട്ടും തീർപ്പാക്കുന്നതിൽ വേഗം കൂടാത്ത സാഹചര്യത്തിലാണ് അദാലത്തുകൾ.
കലക്ടർമാരുടെ യോഗത്തിൽ ലാൻഡ് റവന്യു കമ്മിഷണർ ഡോ.എ.കൗശികൻ, ജോയിന്റ് കമ്മിഷണർ എ.ഗീത, സർവേ ഡയറക്ടർ സിറാം സാംബശിവ റാവു, റവന്യു അഡീഷനൽ സെക്രട്ടറി ഷീബ ജോർജ്, അസിസ്റ്റന്റ് കമ്മിഷണർമാർ തുടങ്ങിയവർ പങ്കെടുത്തു.