‘സ്വർണക്കടത്ത് കാരിയർമാരായ സ്ത്രീകളെ പൊലീസുകാർ ലൈംഗികമായി പീഡിപ്പിച്ചു; പരാതി പറയാൻ പേടി’
Mail This Article
മലപ്പുറം ∙ എഡിജിപി എം.ആർ.അജിത് കുമാർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ടു പി.വി.അൻവർ എംഎൽഎയുടെ മൊഴിയെടുപ്പു നീണ്ടത് ഒൻപതര മണിക്കൂർ. ശനിയാഴ്ച രാവിലെ 11ന് തുടങ്ങിയ മൊഴിയെടുക്കൽ രാത്രി 9 മണിയോടെയാണ് അവസാനിച്ചത്. മലപ്പുറത്തെ സർക്കാർ അതിഥി മന്ദിരത്തിലാണു തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിനു മുൻപാകെ അൻവർ മൊഴി നൽകിയത്.
മുഖ്യമന്ത്രിക്ക് എഴുതി നൽകിയ പരാതിയുമായി ബന്ധപ്പെട്ട തെളിവുകൾ കൈമാറിയെന്നു മൊഴിയെടുപ്പിനു ശേഷം അൻവർ പറഞ്ഞു. പി.ശശിക്കെതിരായ തെളിവുകൾ നൽകിയോ എന്ന ചോദ്യത്തിന്, ശശിക്കെതിരെയുള്ള തെളിവുകൾ പൊലീസിനല്ല, പാർട്ടിക്കാണു നൽകേണ്ടതെന്നായിരുന്നു മറുപടി. താൻ ഉന്നയിക്കുന്ന ആരോപണങ്ങളിൽ പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തേ മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അൻവർ ആവർത്തിച്ചതെന്നാണു സൂചന. സ്വർണക്കടത്തിനു തെളിവായി, സുജിത് ദാസ് എസ്പിയായിരുന്ന കാലത്ത് കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ കൈമാറി. 7–8 കിലോഗ്രാം സ്വർണം പിടിച്ചതിനു ശേഷം കോടതിയിൽ 147 ഗ്രാം സ്വർണം മാത്രം ഹാജരാക്കിയതിന്റെ തെളിവാണിതെന്ന് അൻവർ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോടും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷൻ നിർമാണത്തിൽ ക്രമക്കേട് കാണിച്ചുവെന്നതുൾപ്പെടെ മുൻ എസ്പി എസ്.സുജിത് ദാസിനെതിരെ പുതിയ ആരോപണങ്ങളും മൊഴിയെടുപ്പിനു ശേഷം അൻവർ മാധ്യമങ്ങളോട് ഉന്നയിച്ചു. ഒന്നാം ഘട്ടമാണു പൂർത്തിയായതെന്നും രണ്ടാംഘട്ട മൊഴിയെടുപ്പിൽ കൂടുതൽ തെളിവുകൾ കൈമാറുമെന്നും അൻവർ പറഞ്ഞു.
‘പൂരം കലക്കിയത് സതീശനും എഡിജിപിയും ചേർന്ന്’
മലപ്പുറം ∙ തൃശൂർ പൂരം കലക്കിയതു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എഡിജിപി എം.ആർ.അജിത് കുമാറും ചേർന്നാണെന്നു പി.വി.അൻവർ എംഎൽഎ. ഇതിനായി ഇരുവരും കൂടിക്കാഴ്ച നടത്തി. വി.ഡി.സതീശനെതിരെ താൻ നേരത്തെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിച്ചതു അജിത് കുമാറാണെന്നും അൻവർ ആരോപിച്ചു.
പൊലീസ് സ്ത്രീകളെ ലൈംഗിക വൈകൃതത്തിനുവരെ ഉപയോഗിച്ചെന്ന് അൻവർ
മലപ്പുറം∙ സ്വർണക്കടത്ത് കാരിയർമാരായ സ്ത്രീകളെ പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കിയെന്ന ആരോപണവുമായി പി.വി.അൻവർ എംഎൽഎ. പീഡനത്തിനിരായ ഒട്ടേറെ സ്ത്രീകൾ പരാതി പറയാൻ പേടിച്ചിരിക്കുകയാണ്. ലൈംഗിക വൈകൃതത്തിനുവരെ ഉപയോഗിച്ച സംഭവങ്ങളുണ്ട്. തുറന്നു പറയാൻ തയാറാകുന്നവർക്കു സർക്കാരും പാർട്ടിയും പൊതുസമൂഹവും എല്ലാ പിന്തുണയും നൽകുമെന്നു അൻവർ പറഞ്ഞു.