താരങ്ങളുടെ പ്രതിഫലം താങ്ങാൻ കഴിയുന്നില്ലെന്നു നിർമാതാക്കൾ
Mail This Article
കൊച്ചി ∙ സിനിമ നയത്തിന്റെ കരട് രൂപീകരിക്കുന്നതിനായി സിനിമ സംഘടനകളുമായി നേരിട്ടുള്ള ചർച്ചയ്ക്ക് തുടക്കം. നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനാ പ്രതിനിധികളുമായി കൊച്ചിയിൽ ആദ്യ സിറ്റിങ് നടന്നു. സിനിമ വ്യവസായം അപമാനിതമായി നിൽക്കുകയാണെന്നും സിനിമയെ വ്യവസായമായിപ്പോലും പ്രഖ്യാപിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകാത്തത് ദൗർഭാഗ്യകരമാണെന്നും നിർമാതാക്കൾ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ സിനിമ നയത്തെ സ്വാഗതം ചെയ്യുന്നു.എന്നാൽ അതിന്റെ ഗുണം സിനിമയുടെ നട്ടെല്ലായ നിർമാതാക്കൾക്കും ലഭിക്കണം. താരങ്ങളുടെ പ്രതിഫലം താങ്ങാനാവാത്ത നിലയിലാണ്– അവർ ചൂണ്ടിക്കാട്ടി.
ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ അധ്യക്ഷനായ സമിതിയിൽ അംഗങ്ങളായ ചലച്ചിത്ര അക്കാദമി ചെയർമാൻ നടൻ പ്രേംകുമാർ, സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ, നടി നിഖില വിമൽ തുടങ്ങിയ അംഗങ്ങളാണ് സിറ്റിങ്ങിൽ പങ്കെടുത്തത്. ആരോപണ വിധേയനായ മുകേഷിനെ സമിതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
നവംബറിൽ നടത്താനിരുന്ന സിനിമ കോൺക്ലേവ് മാറ്റിവയ്ക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. കേരളീയവും രാജ്യാന്തര ചലച്ചിത്രോത്സവും അടുത്തടുത്ത് നടക്കുന്നതിനാലാണ് കോൺക്ലേവ് മാറ്റിവയ്ക്കാൻ ആലോചിക്കുന്നതെന്ന് ഷാജി എൻ.കരുൺ പറഞ്ഞു.സിനിമ നയം സംബന്ധിച്ച് ഇതര സംസ്ഥാനങ്ങളിൽ നടപ്പാക്കിയ കാര്യങ്ങളും ഷാജി വിശദീകരിച്ചു.
സിനിമയുടെ ചെലവിന്റെ 70 ശതമാനം താരങ്ങളുടെ പ്രതിഫലമാണെന്ന് നിർമാതാക്കൾ പറഞ്ഞു. വട്ടിപ്പലിശക്കാണ് നിർമാതാക്കൾ പണം സമാഹരിക്കുന്നത്. താരങ്ങൾ എല്ലാ ചിത്രവും സ്വയം നിർമിക്കുന്നു. അപൂർവമായി കാഷ്യറുടെ റോളിൽ നിർമാതാവിനെ വയ്ക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും നിർമാതാക്കൾ തുറന്നടിച്ചു. ജിഎസ്ടി വന്നിട്ടും സിനിമയ്ക്ക് ഇരട്ട നികുതിയാണ്. ഈ വിഷയം പല പ്രാവശ്യം ഉന്നയിച്ചെങ്കിലും മറുപടിയില്ലെന്നു ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി.രാകേഷും ജി.സുരേഷ്കുമാറും ചൂണ്ടിക്കാട്ടി.
റഗുലേറ്ററി അതോറിറ്റി എന്ന ആശയം സിനിമയെ തകർക്കുമെന്ന ആശങ്കയും സംഘടന പങ്കുവച്ചു. മലയാള സിനിമയുടെ ചലച്ചിത്ര നയമെന്നാൽ അത് ഒരു സർക്കാരിന്റെ നയമല്ലെന്നും കാലാകാലത്തേക്കുള്ള മാനിഫെസ്റ്റോയായി അതു മാറണമെന്നും പ്രേംകുമാർ ചൂണ്ടിക്കാട്ടി. കോൺക്ലേവിൽ ആരെയും മാറ്റിനിർത്തില്ലെന്നും എല്ലാവരും പങ്കെടുക്കുന്ന ഒന്നായി മാറണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.