ആർഎസ്എസ് നേതാവിനെ കണ്ടെന്നു എഡിജിപി; സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടും മുഖ്യമന്ത്രി അനങ്ങാതിരുന്നതിൽ ദുരൂഹത
Mail This Article
തിരുവനന്തപുരം ∙ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം.ആർ.അജിത്കുമാർ സമ്മതിച്ചതോടെ സർക്കാരും സിപിഎമ്മും കൂടുതൽ വെട്ടിലായി. ആർഎസ്എസ് നേതാവ് റാം മാധവിനെ കഴിഞ്ഞ ഡിസംബറിൽ അജിത്കുമാർ കോവളത്തെ ഹോട്ടലിൽപോയി കണ്ട വിവരംകൂടി പുറത്തുവന്നതോടെ അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കെതിരെ തന്നെ ചോദ്യങ്ങളുയരുന്നു
സിപിഎമ്മും ആർഎസ്എസും നടത്തിയ ഒളിച്ചുകളിക്കെതിരെ എൽഡിഎഫിലെ എതിർപ്പ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിലൂടെ പുറത്തുവന്നു. അൻവറിന്റെ ആരോപണത്തിൽ കസേര സംരക്ഷിച്ചുനിർത്തിയ എഡിജിപിക്ക് ഇത്തവണ അതിനു കഴിയണമെന്നില്ല. പാർട്ടിയിലും മുന്നണിയിലുമുണ്ടാകുന്ന സമ്മർദത്തെ അതിജീവിക്കാൻ മുഖ്യമന്ത്രിയും ബുദ്ധിമുട്ടും.
അജിത്കുമാർ പോയതു മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണെന്ന ആരോപണം സിപിഎം ഇപ്പോഴും നിഷേധിക്കുകയാണ്. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആരോപണമുന്നയിച്ചശേഷം മുഖ്യമന്ത്രിയുടെ ഓഫിസ് അജിത്കുമാറിനോടു വിശദീകരണം ചോദിച്ചെന്നാണ് സർക്കാർ കേന്ദ്രങ്ങളുടെ അവകാശവാദം. എന്നാൽ, 2023 മേയിൽ തൃശൂരിൽ നടത്തിയ കൂടിക്കാഴ്ച സംസ്ഥാന സ്പെഷൽ ബ്രാഞ്ച് അടുത്തദിവസം തന്നെ റിപ്പോർട്ട് ചെയ്തിരുന്നതാണ്.
ഇന്റലിജൻസ് മേധാവി മുഖ്യമന്ത്രിയുമായി നടത്തുന്ന ദൈനംദിന ബ്രീഫിങ്ങിൽ ഇക്കാര്യവും ഉൾപ്പെടുത്തേണ്ടതാണ്. അങ്ങനെയെങ്കിൽ മുഖ്യമന്ത്രി ഒരു വർഷം മുൻപുതന്നെ ഇക്കാര്യം അറിഞ്ഞിട്ടുണ്ടാവണം. മുഖ്യമന്ത്രിയുടെ അറിവില്ലാതെ നടത്തിയ കൂടിക്കാഴ്ചയാണെങ്കിൽ, ഒരുവർഷം കഴിഞ്ഞിട്ടും അജിത്കുമാറിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നു സർക്കാരിനു വിശദീകരിക്കേണ്ടിവരും.
മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെങ്കിൽ ഇന്റലിജൻസ് മേധാവിയുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായെന്ന് അനുമാനിക്കാം. എങ്കിൽ ഇന്റലിജൻസ് മേധാവിക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യമുണ്ടാകും.
അതേസമയം, തൃശൂരിലേതു സ്വകാര്യ കൂടിക്കാഴ്ചയായിരുന്നെന്നാണ് അജിത്കുമാറിന്റെ വിശദീകരണം. ആർഎസ്എസ് നേതാവ് എ.ജയകുമാറിനൊപ്പമാണു പോയത്. കൂടിക്കാഴ്ച ശരിവച്ച ജയകുമാർ, തന്റെ സഹപാഠിയായിരുന്നു അജിത്കുമാറെന്നും പറഞ്ഞു.
എഡിജിപിയും ഹൊസബാളെയും തമ്മിൽ കണ്ടെന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു കഴിഞ്ഞദിവസം ആർഎസ്എസ് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ.ഈശ്വരന്റെ പ്രതികരണം. ആരോപണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും നിഷേധിച്ചിരുന്നു.
‘‘ക്രമസമാധാനച്ചുമതലയുള്ള ഓഫിസറായതിനാൽ ജോലിയുടെ ഭാഗമായും അല്ലാതെയും എല്ലാ പാർട്ടികളുടെയും നേതാക്കളെ കാണാറുണ്ട്. ‘ഇന്ത്യ ടുഡേ’ കോൺക്ലേവിൽ പങ്കെടുക്കുന്നതിനു ക്ഷണമനുസരിച്ചാണ് കോവളത്തു പോയത്. അവിടെ പരിപാടിക്കിടെ സംഘാടകരിൽ ചിലരും ഹോട്ടലിന്റെ വൈസ് പ്രസിഡന്റും പ്രധാന അതിഥികളെ പരിചയപ്പെടാനായി വിളിച്ചപ്പോഴാണ് റാം മാധവിനെയും കണ്ടത്. രഹസ്യ കൂടിക്കാഴ്ചയല്ല’’– അജിത്കുമാർ പറഞ്ഞു. പാലക്കാട് എസ്പിയായിരിക്കെ അവിടെയെത്തിയ ഇപ്പോഴത്തെ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെയും കണ്ടിരുന്നുവെന്നും ഔദ്യോഗികമാണെങ്കിൽ സർക്കാരിനെ അറിയിക്കാറുണ്ടെന്നും പറഞ്ഞു.
കണ്ടെങ്കിൽ എന്താ ?
കൂടിക്കാഴ്ച നടന്നെങ്കിൽ എന്താ ? എഡിജിപി എവിടെയെങ്കിലും പോയാൽ ഞങ്ങൾക്ക് എന്ത് ഉത്തരവാദിത്തമാണുള്ളത് ? - എം.വി.ഗോവിന്ദൻ,
സിപിഎം സംസ്ഥാന സെക്രട്ടറി
എന്തിനെന്ന് അറിയണം
ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എന്തിന് ആർഎസ്എസ് നേതാവിനെ കണ്ടു എന്നതു കേരളത്തിന്റെ ചോദ്യവും ഉത്കണ്ഠയുമാണ്. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ജനങ്ങൾക്കു മുന്നിൽ വിശദീകരിക്കണം. - ബിനോയ് വിശ്വം, സിപിഐ സംസ്ഥാന സെക്രട്ടറി