ADVERTISEMENT

തിരുവനന്തപുരം ∙ ഓണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാൻസും പെൻഷൻകാരുടെ ഉത്സവബത്തയും നാളെ മുതൽ വിതരണം ചെയ്യും. ബോണസ് 4,000 രൂപയും ഉത്സവബത്ത 2,750 രൂപയുമാണ്. പെൻഷൻകാർക്ക് 1,000 രൂപയാണു ലഭിക്കുക.

4,000 രൂപയുടെ ബോണസ് ലഭിക്കാൻ അർഹത 37,129 രൂപയോ അതിൽ കുറവോ ആകെ ശമ്പളം വാങ്ങുന്നവർക്കാണെന്നു വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി. ബാക്കിയുള്ളവർക്ക് ഉത്സവബത്ത ലഭിക്കും. പത്താം ശമ്പള പരിഷ്കരണം അനുസരിച്ച് ശമ്പളം വാങ്ങുന്നവരാണെങ്കിൽ 2024 മാർച്ച് 31ന് ആകെ വേതനമായി  33,456 രൂപയോ താഴെയോ കൈപ്പറ്റിയവർക്കാണ് ബോണസ്. 

വീട്ടുവാടക ബത്തയും മറ്റു നഷ്ടപരിഹാര ബത്തകളും ഒഴിവാക്കിയാണ് ആകെ ശമ്പളം കണക്കാക്കേണ്ടത്. കഴിഞ്ഞ സാമ്പത്തിക വർഷം (2023–24) 6 മാസമെങ്കിലും സർ‌വീസ് ഉണ്ടായിരിക്കണം. 20,000 രൂപ വരെ അഡ്വാൻസായി കൈപ്പറ്റാം. ആയിരത്തിന്റെ ഗുണിതങ്ങളായിരിക്കണം അപേക്ഷയിലൂടെ ആവശ്യപ്പെടേണ്ടത്. 5 മാസത്തെ തുല്യ ഗഡുക്കളായി ഒക്ടോബറിലെ ശമ്പളം മുതൽ തിരികെ പിടിക്കും. പാർട്‌ടൈം കണ്ടിൻജന്റ് ജീവനക്കാർ, അങ്കണവാടി വർക്കർമാർ, കുടുംബാസൂത്രണ വൊളന്റിയർമാർ തുടങ്ങിയവർക്ക് 6,000 രൂപയാണ് അഡ്വാൻ‌സ്. ഓണം കഴിഞ്ഞാൽ വിതരണം പാടില്ല.

ബവ്കോയിൽ ബോണസ് കൂട്ടാൻ ശുപാർശ

തിരുവനന്തപുരം∙ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകണമെന്നു ബവ്റിജസ് കോർപറേഷൻ സർക്കാരിനോടു ശുപാർശ ചെയ്തു. കഴിഞ്ഞ വർഷം 90,000 രൂപയായിരുന്നു ബോണസ്. 

∙ ലോട്ടറി ഏജന്റുമാർക്കും വിൽപനക്കാർ‌ക്കും ഉത്സവബത്തയായി 7,000 രൂപ നൽകും. പെൻഷൻകാർക്ക് 2,500 രൂപ നൽകും. കഴിഞ്ഞ വർഷം യഥാക്രമം 6,000 രൂപയും 2,000 രൂപയുമായിരുന്നു. 35,600 ഏജന്റുമാർക്കും 7,009 പെൻഷൻകാർക്കുമാണു ലഭിക്കുക. 

∙ കശുവണ്ടി തൊഴിലാളികൾക്ക് 20% ബോണസും 10,500 രൂപ അഡ്വാൻസും നൽകും. മാസശമ്പളക്കാരായ ജീവനക്കാർക്ക് 3 മാസത്തെ ശമ്പളത്തിനു തൂല്യമായ തുക അഡ്വാൻസായി നൽകും.  

English Summary:

Employee bonus distribution and advance tomorrow onwards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com