സോളർ വൈദ്യുതി രാത്രിയിലേക്കും; 8 കേന്ദ്രങ്ങളിൽ സംഭരണം
Mail This Article
തിരുവനന്തപുരം ∙ പകൽ സൗരോർജത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച് ആവശ്യമനുസരിച്ച് രാത്രിയിൽ ഉപയോഗിക്കാൻ കഴിയുന്ന ബാറ്ററി എനർജി സംഭരണ സംവിധാനത്തിന് (ബെസ്) കെഎസ്ഇബി അംഗീകാരം നൽകി. ആദ്യഘട്ടത്തിൽ 8 കേന്ദ്രങ്ങളിലായി 205 മെഗാവാട്ട് വൈദ്യുതി സംഭരിച്ച് ഉപയോഗിക്കാനുള്ള സംവിധാനമാണ് ഒരുക്കുക. 1140 കോടി രൂപയാണു പ്രതീക്ഷിതചെലവ്.
സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ (സെകി) ബെസ് സ്ഥാപിക്കാൻ സഹായം നൽകും. കാസർകോട് ജില്ലയിലെ മൈലാട്ടി, റിന്യൂവബിൾ പവർ കോർപറേഷൻ ഓഫ് കേരള (ആർപിസികെഎൽ), കണ്ണൂർ വിമാനത്താവളം, കൊച്ചി അങ്കമാലി സബ് സ്റ്റേഷൻ, ബ്രഹ്മപുരം ഡീസൽ വൈദ്യുതി നിലയം (ബിഡിപിപി), കോഴിക്കോട് ഡീസൽ വൈദ്യുതി നിലയം (കെഡിപിപി), മലപ്പുറം അരീക്കോട്, തിരുവനന്തപുരം പോത്തൻകോട് സബ്സ്റ്റേഷനുകൾ എന്നിവിടങ്ങളിലാണ് ‘ബെസ്’ സ്ഥാപിക്കുക.
ബെസ് എന്ത്?
ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) വഴി നിശ്ചിത അളവിൽ വൈദ്യുതി സംഭരിക്കാനും പിന്നീട് ഉപയോഗിക്കാനും കഴിയുന്ന സംവിധാനമാണ്. നിലവിൽ കേരളത്തിൽ പകൽ അധിക വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാൽ കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന വൈദ്യുതി സറണ്ടർ ചെയ്യുകയും രാത്രി കൂടിയ നിരക്കിൽ പുറത്തു നിന്നു വൈദ്യുതി വാങ്ങുകയുമാണ് ചെയ്യുന്നത്. സൗരോർജത്തിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ‘ബെസി’ൽ സംഭരിച്ചാൽ ഇതു രാത്രി വൈദ്യുതി ഉപയോഗം കൂടുന്ന സമയത്ത് ഗ്രിഡിലേക്കു കടത്തിവിട്ട് ഉപയോഗിക്കാനാകും.