ഹീമോഫീലിയ രോഗികൾക്കുള്ള ഫാക്ടർ 8 മരുന്നിന് ക്ഷാമം
Mail This Article
ഇരിക്കൂർ (കണ്ണൂർ) ∙ ഹീമോഫീലിയ രോഗികൾക്കുള്ള ഫാക്ടർ 8 മരുന്നിന് സംസ്ഥാനത്ത് കടുത്ത ക്ഷാമം. മിക്ക ജില്ലകളിലും ഒന്നോ രണ്ടോ ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളൂ. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ഫാക്ടർ 9 മരുന്നിന്റെ ക്ഷാമം രൂക്ഷമായി രോഗികളുടെ പ്രതിഷേധം ഉയർന്ന നവംബറിൽ ആരോഗ്യവകുപ്പ് കൂടുതൽ മരുന്നെത്തിക്കാൻ നടപടി സ്വീകരിച്ചിരുന്നു. ഇപ്പോൾ 3 മാസത്തിലേറെയായി മരുന്നുക്ഷാമം ഉണ്ടായിട്ടും ആരോഗ്യവകുപ്പ് അനങ്ങുന്നില്ല.
സാധാരണ ടെൻഡർ എടുക്കുന്ന മരുന്ന് കമ്പനികളിൽ ഫാക്ടർ 8 ന്റെ ഉൽപാദനം കുറഞ്ഞതാണ് ക്ഷാമത്തിന് കാരണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മറ്റു ചില കമ്പനികളുടെ മരുന്ന് ലഭ്യമാണെങ്കിലും നിലവാരം കുറവായതിനാൽ എടുക്കുന്നില്ല. മികച്ച കമ്പനികളുടെ മരുന്ന് ലഭ്യമായിട്ടും വില കൂടുതലും സാമ്പത്തിക പ്രതിസന്ധിയും കാരണം ടെൻഡർ ക്ഷണിക്കുന്നില്ലെന്നാണ് ആക്ഷേപം. കേരളത്തിൽ നൽകുന്ന കമ്പനികളുടെ മരുന്നുകൾ അയൽ സംസ്ഥാനങ്ങളിൽ ലഭ്യവുമാണ്.
കേരളത്തിൽ ഫാക്ടർ 8, 9 വിഭാഗങ്ങളിലായി 1850ൽ ഏറെ ഹീമോഫീലിയ രോഗികളുണ്ട്. ഇതിൽ ഫാക്ടർ 8 മരുന്ന് ഉപയോഗിക്കുന്ന ‘എ’ വിഭാഗത്തിൽ ഉള്ളവരാണ് കൂടുതലും. മരുന്നുക്ഷാമം വരുമ്പോൾ താൽക്കാലിക ആശ്വാസമെന്ന നിലയിൽ രോഗികൾ വേദന സംഹാരി ഉപയോഗിക്കുകയാണ്.
അതേസമയം, ഹീമോഫീലിയ രോഗികൾക്ക് മാസം തോറും നൽകി വരുന്ന ധനസഹായം ്രസമാശ്വാസം-3’ മുടങ്ങിയിട്ട് 6 മാസമായി. പ്രതിമാസം 1000 രൂപയാണ് സാമൂഹിക സുരക്ഷാ മിഷൻ നൽകിയിരുന്നത്. 1450 പേരാണ് ഗുണഭോക്താക്കളായി ഉള്ളത്. 2019ന് ശേഷം പുതിയ റജിസ്ട്രേഷൻ നടക്കാത്തതിനാൽ കുട്ടികൾക്ക് ഉൾപ്പെടെ നാനൂറോളം രോഗികൾക്ക് അപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.