റാം മാധവിനെ അജിത്കുമാർ കണ്ടത് ഒറ്റയ്ക്കല്ല; മലയാളി വ്യവസായിയടക്കം 3 പേർ, ലക്ഷ്യമെന്ത്?
Mail This Article
തിരുവനന്തപുരം∙ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാറും ആർഎസ്എസ് നേതാവ് റാം മാധവും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ചെന്നൈ കേന്ദ്രീകരിച്ചുള്ള മലയാളി വ്യവസായിയടക്കം 3 പേർ ഒപ്പം. 2023 മേയ് 22നാണു അജിത്കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ തൃശൂരിൽ കണ്ടത്. അതിനു ശേഷം 10 ദിവസം കഴിഞ്ഞു ജൂൺ രണ്ടിനു കോവളത്തെ ഹോട്ടലിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണു റാം മാധവിനെ കണ്ടത്.
അജിത്തിനൊപ്പം റാം മാധവിനെ സന്ദർശിച്ച മലയാളിക്കു കണ്ണൂർ വിമാനത്താവളത്തിൽ ഓഹരികൾ ഉണ്ടെന്നും തലസ്ഥാനത്തടക്കം ബാർ ഹോട്ടലുകൾ ഈയിടെ വാങ്ങിയെന്നുമാണ് പൊലീസിനു ലഭിച്ച വിവരം. ഒപ്പമുണ്ടായിരുന്ന മറ്റു 2 പേരെക്കുറിച്ചുള്ള വിശദാംശവും പൊലീസ് തിരക്കുന്നുണ്ട്. ഔദ്യോഗികമായിട്ടാണ് എഡിജിപി പോയതെങ്കിലും റാം മാധവിനെ കാണാൻ മാത്രം മറ്റു 3 പേരെ ഒപ്പം കൂട്ടിയതെന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.
ഹൊസബാളെയുമായി നടത്തിയ കൂടിക്കാഴ്ച വൻ വിവാദമായതിനു പിന്നാലെയാണ് റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവരുന്നത്.
കൂടെയുണ്ടായിരുന്നത് ആരെന്നറിഞ്ഞാൽ കേരളം ഞെട്ടും: സതീശൻ
കോഴിക്കോട് ∙ റാം മാധവ് –എഡിജിപി കൂടിക്കാഴ്ചയിൽ അജിത് കുമാറിനൊപ്പം ഉണ്ടായിരുന്നത് ആരെന്നറിഞ്ഞാൽ കേരളം ഞെട്ടുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആർഎസ്എസ് നേതാവ് ഹൊസബാളെയുമായി ചർച്ച നടത്തിയതു സമ്മതിച്ചതിനു പിന്നാലെയാണ് ആർഎസ്എസിന്റെ മറ്റൊരു നേതാവ് റാം മാധവുമായി എഡിജിപി അജിത് കുമാർ ചർച്ച നടത്തിയെന്ന വാർത്ത പുറത്തുവന്നത്.
തൃശൂർ പൂരം കലക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. വടകരയിൽ സിപിഎം നടത്തിയ കാഫിർ വിവാദം പോലെ ഗൗരവമുള്ളതാണു പൂരം കലക്കലും. ബിജെപിയെ തൃശൂരിൽ ജയിപ്പിക്കാൻ നടത്തിയ ഗൂഢാലോചനയാണത്.
ഇതിനു പിന്നിൽ പ്രവർത്തിച്ചവരെയും പങ്കാളികളായവരെയും കണ്ടെത്തണമെന്നും കോഴിക്കോട് പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ സതീശൻ ആവശ്യപ്പെട്ടു.