അഴിമതിക്കേസ്: സസ്പെൻഷനിലായ ക്ലാർക്കിനെ അതേ ഓഫിസിൽ സൂപ്രണ്ടാക്കി ‘ശിക്ഷ’
Mail This Article
കോഴിക്കോട് ∙ വിജിലൻസ് റിപ്പോർട്ടിനെ തുടർന്നു സസ്പെൻഷനിലായ ഉദ്യോഗസ്ഥയെ വീണ്ടും അതേ ഓഫിസിൽ ഉയർന്ന തസ്തികയിൽ നിയമിച്ചതായി പരാതി. ഹയർ സെക്കൻഡറി റീജനൽ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ക്ലാർക്കായിരിക്കെ നടത്തിയ ഇടപെടലുകളെത്തുടർന്നു സസ്പെൻഷനിലായ ഉദ്യോഗസ്ഥയെയാണ് അതേ ഓഫിസിൽ സൂപ്രണ്ട് ആയി നിയമിച്ചത്.
എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്ന ഫയലുകൾ സംബന്ധിച്ച പരാതികളിൽ വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി 2021ൽ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധി കഴിഞ്ഞതിനെ തുടർന്ന് തിരുവനന്തപുരത്തു ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ട് ആയി നിയമിച്ചു. അവിടെ 4 വർഷം പൂർത്തിയാക്കിയതിനാൽ കോഴിക്കോട്ടേക്കോ മലപ്പുറത്തേക്കോ സ്ഥലം മാറ്റം ആവശ്യപ്പെട്ടതിനെ തുടർന്നാണു കോഴിക്കോട് ആർഡിഡി ഓഫിസിലേക്കു മാറ്റിയത്.
ഒരു ഓഫിസിൽ ജോലി ചെയ്യുന്നതിനിടെ അഴിമതിക്കേസിൽ സസ്പെൻഡ് ചെയ്യപ്പെട്ട ജീവനക്കാരിക്ക് അതേ ഓഫിസിൽ ഉയർന്ന തസ്തികയിൽ നിയമനം നൽകുന്നതു കൂടുതൽ അഴിമതിക്കു വഴി വയ്ക്കുമെന്നാണ് ആക്ഷേപം.