ADVERTISEMENT

മഞ്ചേരി ∙ മാവോയിസ്റ്റ് വേട്ടയ്ക്കായി രൂപീകരിച്ച ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ (എടിഎസ്) ടെലികമ്യൂണിക്കേഷൻ സംവിധാനം ഉപയോഗിച്ച് മുൻ എസ്പി സുജിത് ദാസിന്റെ നേതൃത്വത്തിൽ മന്ത്രിമാരടക്കമുള്ളവരുടെ ഫോൺ ചോർത്തിയതായി പി.വി.അൻവർ എംഎൽഎ ആരോപിച്ചു. അരീക്കോട് പഴയ എംഎസ്പി ക്യാംപ് ആസ്ഥാനത്താണ് എടിഎസ് പ്രവർത്തിക്കുന്നത്. അസിസ്റ്റന്റ് കമൻഡാന്റ് അജിത്, ജീവനക്കാരായ കെ.കെ.ജിനീഷ്, എൻ.എസ്.ശരത്, ജയപ്രസാദ്, രൂപേഷ് എന്നിവരുടെ സഹായത്തോടെയാണു ഫോൺ ചോർത്തിയത്. സ്വർണക്കടത്തു കേസിൽ പിടിയിലായ കാരിയറെ ഭീഷണിപ്പെടുത്താൻ സുജിത് ദാസ് ലാപ്ടോപിൽ മന്ത്രിമാരടക്കമുള്ളവരുടെ ഫോൺ ചോർത്തിയതിന്റെ വിവരങ്ങൾ കാണിച്ചെന്നും അൻവർ പറഞ്ഞു. മറ്റ് ആരോപണങ്ങൾ:

∙ സംസ്ഥാനത്തെ ചില പ്രധാന രാഷ്ട്രീയ കേസുകൾ അട്ടിമറിക്കാൻ എം.ആർ.അജിത് കുമാർ കൂട്ടുനിന്നു. തെളിവുകൾ പുറത്തുവിടും. മന്ത്രിമാരടക്കമുള്ളവരുടെ ഫോൺ ചോർത്തി.

∙ എം.ആർ.അജിത്കുമാറിനെ സർവീസിൽനിന്നു മാറ്റിനിർത്തണമെന്നു സർക്കാരിനോട് ആവശ്യപ്പെടുകയാണ്. തന്നെ കുടുക്കാനാണു അജിത് കുമാർ പദവിയിൽ തുടരുന്നതെന്നു സംശയിക്കുന്നു. സർവീസിൽ തുടരുന്നതു കേസ് അന്വേഷണത്തെ ബാധിക്കും. അന്വേഷണ ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ ഇതു ബാധിക്കും. മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലും തൃശൂർ റേഞ്ച് ഡിഐജിക്കു നൽകിയ മൊഴിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

∙ മലപ്പുറത്ത് വിജിലൻസ് യൂണിറ്റിൽ നിയമിതനായ പൊലീസ് ഉദ്യോഗസ്ഥനെ ചട്ടങ്ങൾ ലംഘിച്ച് സുജിത് ദാസ് ജില്ലാ പൊലീസ് ആസ്ഥാനത്തു നിയമിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു കൂട്ടുനിന്നതിന്റെ പ്രത്യുപകാരമായി 32 ഗുഡ് സർവീസ് എൻട്രികൾ ഈ പൊലീസുകാരനു ലഭിച്ചു.

∙പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചുവെന്ന പൊന്നാനിയിലെ യുവതിയുടെ പരാതിയിൽ നടപടി ആവശ്യപ്പെട്ടു ഡിജിപിക്കു കത്തു നൽകി. മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി ബെന്നിക്കെതിരെയുള്ള ആരോപണമായി ഇതിനെ കാണേണ്ട. സത്യസന്ധയായ വനിതാ ഐപിഎസ് ഓഫിസർ പൊന്നാനി കേസ് അന്വേഷിക്കണം. പൊന്നാനിയിലെ സിപിഎമ്മുകാർ നേരത്തെ യുവതിയുടെ പരാതി ശ്രദ്ധയിൽപെടുത്തിയിരുന്നു.

∙പറയുന്ന കാര്യങ്ങൾ സത്യമല്ലെങ്കിൽ ‍ തനിക്കെതിരെ കേസ് എടുക്കട്ടെ. തനിക്കെന്തെങ്കിലും സംഭവിച്ചാലും കേസ് തീരില്ല. അജിത് കുമാറിന്റെ കോക്കസിൽ ചെറു മീനുകളും വലിയ മീനുകളുമുണ്ട്. ആർഎസ്എസിന് വേണ്ടിയാണ് അദ്ദേഹം ഇതൊക്കെ ചെയ്യുന്നതെന്ന് ആർക്കാണറിയാത്തത്.

English Summary:

Sujit Das hacked phone using ATS system: PV Anvar with more allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com