തിരുവനന്തപുരത്ത് വെള്ളം മുടങ്ങിയത് ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമെന്ന് റിപ്പോർട്ട്
Mail This Article
തിരുവനന്തപുരം ∙ അഞ്ചു ദിവസം നഗരവാസികളുടെ വെള്ളംകുടി മുട്ടിച്ച സംഭവത്തിൽ പൈപ്പ് അലൈൻമെന്റ് മാറ്റുന്ന പ്രവൃത്തി ആസൂത്രണം ചെയ്യുന്നതിലും കൃത്യസമയത്തു പണി തീർക്കാൻ കഴിയാതെ വന്നപ്പോഴുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിലും ഉദ്യോഗസ്ഥതലത്തിൽ വീഴ്ചയുണ്ടായെന്ന് ജലഅതോറിറ്റിയുടെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. പത്തു ലക്ഷം രൂപയിൽ താഴെയുള്ള പ്രവൃത്തി ആയതിനാൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്കു മുകളിലുള്ള ഉദ്യോഗസ്ഥരാരും വിവരം അറിഞ്ഞിരുന്നില്ല.
44 വാർഡുകളിലെ 5 ലക്ഷത്തോളം വരുന്ന ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ മേൽനോട്ടക്കുറവ് ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്. ഭാവിയിൽ ഇത്തരം സാഹചര്യമുണ്ടായാൽ നേരിടുന്നതിന് 5 പരിഹാര മാർഗങ്ങളും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്.
ശുദ്ധജല പമ്പിങ് ഇന്നലെ ജലഅതോറിറ്റി പുനഃസ്ഥാപിച്ചു. ദിവസങ്ങളോളം വെള്ളം മുടങ്ങിയ 80% സ്ഥലങ്ങളിലും ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ വെള്ളം ലഭിച്ചുതുടങ്ങി.
എന്നാൽ നഗരത്തിന്റെ ഉയർന്ന പ്രദേശങ്ങളിലും വട്ടിയൂർക്കാവ് മണ്ഡലത്തിലെ പല സ്ഥലങ്ങളിലും രാത്രിയും വെള്ളം ലഭിച്ചില്ലെന്നു പരാതിയുണ്ട്. ഇന്നു രാവിലെയോടെ എല്ലായിടത്തും വെള്ളം കിട്ടിത്തുടങ്ങുമെന്ന് ജലഅതോറിറ്റി അറിയിച്ചു.